ജിദ്ദ: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് അഞ്ചു വർഷത്തേക്ക് ഇഖാമ (റസിഡന്റ് പെർമിറ്റ്) നൽകുന്ന സർക്കാർ നിർദ്ദേശം പ്രവാസികളിൽ പുത്തൻ പ്രതീക്ഷയ്ക്ക് വകയേകുന്നു. നിലവിൽ ഒരു വർഷത്തേക്കാണ് ഇഖാമ നൽകുന്നത്. ഇതിനു പകരം അഞ്ചു വർഷത്തേക്ക് റെസിഡന്റ് പെർമിറ്റ് നൽകുന്ന നിർദ്ദേശത്തെ വിദേശ നിക്ഷേപകരടക്കമുള്ള പ്രവാസികൾ സ്വാഗതം ചെയ്തു.

അഞ്ചു വർഷത്തേക്ക് ഇഖാമ പുതുക്കി നൽകുന്നതിന്റെ അവസാനഘട്ട പണിയിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസത്ത്). ഔദ്യോഗികമായി ഇതിന് അംഗീകാരം ലഭിച്ച ഉടൻ തന്നെ അഞ്ചു വർഷത്തേക്ക് റസിഡന്റ് പെർമിറ്റ് നൽകുന്നത് ആരംഭിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. സൗദി പുരുഷന്മാരിൽ കുട്ടികളുള്ള വിദേശ സ്ത്രീകൾക്ക് പ്രത്യേക നിബന്ധനയൊന്നുമില്ലാതെ അഞ്ചുവർഷത്തേക്ക് ഇഖാമ ലഭ്യമാകുമെന്ന് ഈ മാസം ആദ്യം ജവാസത്ത് അറിയിച്ചിരുന്നു. ഇവർക്ക് സ്‌പോൺസറെ ആവശ്യമില്ല. ഇഖാമയ്ക്ക് ഫീസും ഈടാക്കുന്നതല്ല. ഇവർ വിധവകളാണെങ്കിലും വിവാഹമോചനം നടത്തിയവരാണെങ്കിലും ഇത്തരത്തിൽ അഞ്ചു വർഷ ഇഖാമയ്ക്ക് യോഗ്യരാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പ്രവാസികൾക്ക് ഒട്ടേറെ ഓൺലൈൻ സേവനങ്ങളും ഇന്റീരിയർ മിനിസ്ട്രി ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഡിപ്പൻഡന്റുമാർക്ക് എക്‌സിറ്റ്- റീഎൻട്രി വിസ, വിസാ അപേക്ഷകൾ, വിസാ കാലാവധി പരിശോധിക്കുക തുടങ്ങിയവയ്ക്കാണ് ഓൺലൈൻ സേവനങ്ങൾ ലഭ്യമായിരിക്കുന്നത്. ഇഖാമയുടെ പേര് മാറ്റുന്നതിനെക്കുറിച്ചും പദ്ധതിയുണ്ടെന്ന് ജവാസത്ത് ഡയറക്ടർ മേജർ ജനറൽ സുലൈമാൻ അൽ യാഹ്യ അറിയിച്ചു. ഇഖാമയ്ക്കു പകരം റസിഡന്റ് ഐഡി എന്നതാണ് പുതിയ പേര്.

മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്ന ഇഖാമ കാലാവധി നീട്ടൽ നടപ്പിലായാൽ അത് പ്രവാസികളുടെ തൊഴിൽ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് വിദേശ കമ്പനികളുടെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനും ഇതുമൂലം സാധ്യമാകുമെന്ന് പറയുന്നു. കുറഞ്ഞ കാലാവധിയുള്ള ഇഖാമ മൂലം രാജ്യം വിട്ട് യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രൊഫഷണലുകളെ ഇനി ഇവിടെ തന്നെ പിടിച്ചുനിർത്താൻ പുതിയ സംവിധാനം മൂലം സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കൂടുതൽ വിദേശികളെ സൗദിയിലേക്ക് ആകർഷിക്കാനും അഞ്ചു വർഷ ഇഖാമമൂലം സാധിക്കും.