ജിദ്ദ: ഹജ്ജ് നിർവഹണത്തിന് വിശുദ്ധനഗരങ്ങളിൽ ഇന്ത്യൻ സംഘം എത്തിത്തുടങ്ങി. തിങ്കളാഴ്ചയോടെ 50,000ത്തിലേറെ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ എത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ബി എസ് മുബാറക് അറിയിച്ചു. മദീനയിലെ പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ടിൽ 150-ഓളം വിമാനങ്ങളിലായാണ് ഇന്ത്യൻ തീർത്ഥാടകർ എത്തിച്ചേർന്നത്.

ഇന്ത്യൻ തീർത്ഥാടകരേയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം ജിദ്ദയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് എത്തിച്ചേർന്നത്. വൈകുന്നേരം അഞ്ചിന് കിങ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹജ്ജ് ടെർമിനലിലാണ് ഇൻഡോറിൽ നിന്നുള്ള 230 തീർത്ഥാടകരുമായി വിമാനം എത്തിയത്. ബി എസ് മുബാറക്, ഹജ്ജ് കോൺസൽ മുഹമ്മദ് നൂർ റഹ്മാൻ ഷേക്ക്, ഹജ്ജ് മിനിസ്ട്രിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുമായി ഒമ്പത് വിമാനങ്ങൾ ബുധനാഴ്ച ജിദ്ദയിൽ എത്തും.. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഹജ്ജ് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് മുബാറക് വ്യക്തമാക്കി. താമസസൗകര്യങ്ങളും ഭക്ഷണ സൗകര്യങ്ങളും മെച്ചപ്പെടുത്തിയതു കൂടാതെ ഹൈടെക് സൗകര്യങ്ങളും ഇത്തവണ ഹജ്ജ് തീർത്ഥാടകർക്ക് അനുഭവിക്കാം. ഏതെങ്കിലും തരത്തിൽ പരാതിയുള്ളവർ ഇന്ത്യൻ ഹജ്ജ് പിൽഗ്രിംസ് ഓഫീസിലേക്ക് ഓൺലൈൻ വഴി പരാതി രജിസ്റ്റർ ചെയ്യാം. കൂടാതെ ടോൾ ഫ്രീ നമ്പരായ 8002477786-ലും വാട്ട്‌സ് ആപ്പ് നമ്പരിലും 00966 543891481 പരാതി ബോധിപ്പിക്കാം. മൊബൈൽ റീചാർജ് സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്.