ദോഹ: പഴയ ട്രാഫിക് പിഴകൾ അടയ്ക്കാനുള്ളവർക്ക് അത് അടച്ചു തീർക്കാനുള്ള സുവർണാവസരം ഒരുക്കിക്കൊണ്ട് ഗതാഗതവകുപ്പ്. കഴിഞ്ഞ വർഷത്തെ ട്രാഫിക് ഫൈനുകൾ മൂന്നു മാസത്തിനുള്ളിൽ അടയ്ക്കുന്നവർക്ക് പിഴയിൽ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2015 ഡിസംബർ 31നു മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ട്രാഫിക് ഫൈനുകൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ജനുവരി എട്ടു മുതൽ 2017 ഏപ്രിൽ ഏഴു വരെയുള്ള കാലാവധിക്കുള്ളിൽ പിഴ അടയ്ക്കുന്നവർക്കാണ് ഈ ഇളവ് ലഭ്യമാകുയെന്ന് ഡയറക്ടർ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

റഡാർ റെക്കോർഡ് ചെയ്ത ട്രാഫിക് ലംഘനങ്ങൾ, ട്രാഫിക് പൊലീസ് രേഖപ്പെടുത്തിയ ലംഘനങ്ങൾ തുടങ്ങിയ എല്ലാത്തരം ട്രാഫിക് പിഴകൾക്കും ഈ ഇളവ് ബാധകമാണ്. പിഴകൾ അടയ്ക്കാൻ മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ ഇ-ചാനലുകളും മെട്രാഷ് 2 മൊബൈൽ ആപ്പ്, സെൽഫ് സർവീസ് കിയോസ്‌ക്കുകൾ തുടങ്ങിയ പ്രയോജനപ്പെടുത്താം. കൂടാതെ രാജ്യമെമ്പാടുമുള്ള ട്രാഫിക് സർവീസ് കൗണ്ടറുകളിലും ഈ പിഴയടച്ച് ആനുകൂല്യം നേടാം.

പൊതുജനങ്ങൾക്ക് തങ്ങളുടെ ട്രാഫിക് സ്റ്റാറ്റസ് ഫയൽ നേരേയാക്കാനുള്ള അവസരമാണിതെന്നും പുതിയ ട്രാഫിക് നിയമങ്ങൾ കർശനമായി പ്രാബല്യത്തിൽ വരുത്തുന്നതിന് മുമ്പുള്ള നടപടിയാണിതെന്നുമാണ് ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.