ഡബ്ലിൻ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആത്മഹത്യകളുടെ എണ്ണം വർധിപ്പിച്ചുവെന്ന് വെളിപ്പെടുത്തൽ. നാഷണൽ സൂയിസൈഡ് റിസർച്ച് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് സാമ്പത്തിക മാന്ദ്യം രാജ്യത്ത് 500-ലധികം ആത്മഹത്യകൾക്കു കൂടി കാരണമാക്കിയതെന്ന് കണ്ടെത്തിയിരിക്കുന്നത്.

മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി രാജ്യത്ത് ആത്മഹത്യ നിരക്ക് വർധിച്ചുവരികയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008-2012 കാലയളവിൽ ആത്മഹത്യ നിരക്ക് വർധിച്ചുവെന്നാണ് റിസർച്ച് ഫൗണ്ടേഷൻ വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചതും ആത്മഹത്യയിലേക്ക് ആൾക്കാരെ നയിക്കുന്നതിന് കാരണമായി.

ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിന് സഹായകമാകുന്ന പദ്ധതികൾ ഹെൽത്ത് പോളിസി ചീഫ് തയാറാക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിപ്പോർട്ട് പുറത്താക്കിയത്. സ്വയം മുറിവേൽപ്പിച്ച് ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അവർക്ക് മാനസിക പിന്തുണയേകുന്ന തരത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനാണ് മുൻഗണന നൽകിയിട്ടുള്ളത്.

ആത്മഹത്യ നിരക്ക് പുരുഷന്മാരിലാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2012-ന്റെ അവസാനത്തോടെ 57 ശതമാനമായിരുന്നു പുരുഷന്മാർക്കിടയിലെ ആത്മഹത്യ നിരക്ക്. സ്വയം മുറിവേൽപ്പിക്കുന്ന പ്രവണതയും സ്ത്രീകളെക്കാൾ കൂടുതലായി പുരുഷന്മാരിലാണ് കണ്ടുവരുന്നത്. മുൻ വർഷത്തെക്കാൾ 37 ശതമാനം കൂടുലാണിത്. അതേസമയം സ്ത്രീകളിൽ മുൻവർഷത്തെക്കാൾ 26 ശതമാനം മാത്രമാണ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.