ദുബായ്: വിലപേശി സാധനങ്ങൾ വാങ്ങാമെന്ന് ഇനി കരുതേണ്ട. യുഎഇയിലെ പ്രധാന ഷോപ്പിങ് ഔട്ട്‌ലെറ്റുകളിൽ ഇനി മുതൽ സാധനങ്ങളുടെ വില പ്രദർശിപ്പിക്കാൻ തീരുമാനമായി. സൂപ്പർമാർക്കറ്റുകളുടെ പ്രവേശനകവാടത്തിൽ കൂറ്റൻ ഇലക്ട്രോണിക് സ്‌ക്രീനുകളിലായിരിക്കും സാധനങ്ങളുടെ വില പ്രദർശിപ്പിക്കുക. വിലവിവരം പ്രദർശിപ്പിക്കാൻ മാത്രമല്ല, ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഈ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

ഈ വർഷാവസാനത്തോടെ വിലവിവരങ്ങൾ പ്രദർശിപ്പിക്കുന്ന സ്‌ക്രീനുകൾ സ്ഥാപിക്കാൻ ഇക്കോണമി മിനിസ്ട്രി സൂപ്പർമാർക്കറ്റുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു. രാജ്യത്തെമ്പാടും സാധനങ്ങളുടെ വില ഏകീകരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. 500 സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലുമായി മൂവായിരത്തോളം സ്‌ക്രീനുകളാണ് ഇത്തരത്തിൽ പ്രദർശിപ്പിക്കപ്പെടുക. സൂപ്പർമാർക്കറ്റുകളിലെ സാധനങ്ങളുടെ വിലയെക്കുറിച്ച് വ്യക്തമായി ഇതിൽ പ്രതിപാദിക്കും. കൂടാതെ ഉപയോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും ഷോപ്പിങ് രീതികളെക്കുറിച്ചും ഇതിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടർ ഹഷിം അൽ നൗനി വ്യക്തമാക്കി.

ഒക്ടോബർ നാലിന് ആരംഭിക്കുന്ന ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ മിക്ക സൂപ്പർമാർക്കറ്റുകളിലും ആയിരത്തഞ്ഞൂറോളം സാധനങ്ങളുടെ വിലയിൽ 15 മുതൽ നാല്പതു ശതമാനം വരെ വിലക്കിഴിവ് ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. ഒക്ടോബർ പത്തുവരെ വിലക്കിഴിവ് തുടരും.