- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പിയും പച്ചക്കറി അച്ചാറുകളും വരെ ക്യാൻസർ സാധ്യതാ വിഭാഗത്തിൽ; 5ജിയെ ഉൾപ്പെടുത്തിയിട്ടുള്ളത് രോഗ സാധ്യത തീരെ കുറവുള്ള നോൺ-അയണൈസിങ് റേഡിയേഷൻ കാറ്റഗറിയിൽ; ഈ സിഗ്‌നലുകൾ കോശങ്ങളെ തകർക്കുമോ എന്ന് ചോദിച്ചാൽ കൂടതൽ വിദഗ്ധരും പറയുന്നത് ഇല്ലെന്ന ഉത്തരം; പുത്തൻ മൊബൈൽ രശ്മികളിൽ സംശയം തുടരുമ്പോൾ
ന്യൂഡൽഹി: 5 ജി കാൻസറുണ്ടാക്കുമോ? ബോളിവുഡ് നടി ജൂഹി ചൗള 5ജിക്കെതിരെ കേസ് കൊടുത്തത് തള്ളിയെങ്കിലും ജൂഹിയുടെ ഇടപെടൽ ചർച്ചയാണ്. ആർക്കും ഒന്നും ആധികാരികമായി പറയാൻ കഴിയാത്ത അവസ്ഥ. ചൈന ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ 5ജി നടപ്പിലാക്കി കഴിഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരത്തെ കണ്ടെത്തുമായിരുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ജൂഹിയെ ഇവർ തള്ളുകയും ചെയ്യുന്നു.
റേഡിയോ തരംഗങ്ങൾ തലച്ചോറിനു ക്യാൻസർ ഉണ്ടാക്കുമെന്നും പ്രത്യുൽപാദന ശേഷി കുറയ്ക്കുമെന്നും കുട്ടികളിൽ തലവേദനയടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന ആരോപണം തെറ്റാണെന്നാണ് ഇവർ പറയുന്നത്. 5ജിയിൽ ഇതുവരെയുള്ള കണ്ടെത്തലുകൾ പ്രകാരം ആളുകൾ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് മിക്ക ശാസ്ത്രജ്ഞരുടെയും അഭിപ്രായം.
ഏതൊരു സ്രോതസിൽ നിന്നും ഉത്ഭവിക്കുന്ന ഊർജ പ്രസരണമാണ് റേഡിയേഷൻ. ശരീരത്തിൽ നിന്നു പുറത്തുവരുന്ന ചൂടുപോലും റേഡിയേഷനാണ്. വലിയ തരംഗദൈർഘ്യവും കുറഞ്ഞ ഫ്രീക്വൻസിയുമുള്ളവയ്ക്ക് ശക്തി കുറവായിരിക്കും. ചെറിയ തരംഗദൈർഘ്യവും ഉയർന്ന ഫ്രീക്വൻസിയുമുള്ളവയ്ക്ക് കൂടുതൽ ശക്തിയുണ്ടാകും. രണ്ടു വിഭാഗമായി ഇവയെ തരംതിരിച്ചിരിക്കുന്നു- അയണൈസിങ്, നോൺ അയണൈസിങ്.
ആൾട്രാവൈലറ്റ് രശ്മികൾ, എക്സ്-റേ ഗാമാ റേ തുടങ്ങിയവ അയണൈസിങ് റേഡിയേഷനുകളാണ്. അയണൈസിങ് റേഡിയേഷനിൽ നിന്നുള്ള ഊർജ്ജം ആറ്റങ്ങൾക്കു മാറ്റം വരുത്തി അവ ഡിഎൻഎയിലുള്ള രാസബന്ധനത്തെ തകർക്കും. ഇത് കോശങ്ങൾക്കും ഹാനികരമാണ്. ക്യാൻസറിനും സാധ്യത കൂടും. സൂര്യപ്രകാശം ദീർഘകാലം അടിച്ചാലും ക്യാൻസർ വരുമെന്ന ചിന്ത ഇതുകൊണ്ടുണ്ടായതാണ്. എക്‌സറേ പോലുള്ള പരിശോധനാ സംവിധാനവും അയണൈസിങ് റേഡിയേഷനുകളാണ്.
നോൺ-അയണൈസിങ് റേഡിയേഷന് ഡിഎൻഎയിലെ രാസബന്ധം തകർക്കാൻ തക്ക ശക്തിയൊന്നുമില്ല. റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ, ടിവി സിഗ്‌നലുകൾ, സെൽഫോണിൽ കിട്ടുന്ന 2ജി, 3ജി, 4ജി സേവനങ്ങൾ ഈ വിഭാഗത്തിലാണുള്ളത്. 5ജി സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നത് മൈക്രോവേവ്, മില്ലിമീറ്റർ വേവ്ലെങ്ത് റേഡിയേഷനാണ്. ഇതും നോൺ-അയണൈസിങ്ങിന്റെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത്.
എന്നാൽ ഈ ഉപകരണങ്ങളിലെ റേഡിയേഷൻ, കോശങ്ങളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് പോലെയുള്ള ഒരു ജൈവിക പ്രക്രിയയിലൂടെ കോശങ്ങൾക്കു തകരാറുവരുത്തുമെന്ന സംശയവും സജീവമാണ്. ഇത് മാറ്റങ്ങൾക്ക് സാധ്യതയുണ്ടാക്കും. ക്യാൻസർ, പ്രമേഹം, ഹൃദയസംബന്ധമോ, തലച്ചോറുസംബന്ധമോ, ശ്വാസകോശപരമോ ആയ ചില രോഗങ്ങളിലേക്കു നയിക്കാൻ ഇതിന് കഴിയുമെന്ന് പറയുന്നവരുമുണ്ട്. അതുകൊണ്ടാണ് ചിലരെങ്കിലും മൊബൈൽ ഫോൺ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നത്.
എന്നാൽ റേഡിയോ ഫ്രീക്വൻസി റെയ്ഞ്ചിന് ട്യൂമറുകളും മറ്റും ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്നതിന് വ്യക്തമായ തെളിവില്ല എന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റി പറയുന്നത്. അമേരിക്കിയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയോ, നാഷണൽ ടോക്സികോളജി പ്രോഗ്രാമോ ആർഎഫ് റേഡിയേഷനെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യതയുള്ള ഒന്നായി പരിഗണിച്ചിട്ടില്ല. എന്നാൽ, 2011ൽ ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച് ഓൺ ക്യാൻസർ, ആർഎഫ് റേഡിയേഷൻ മനുഷ്യരിൽ ക്യാൻസർ ഉണ്ടാക്കിയേക്കാം എന്നൊരു നിരീക്ഷണം നടത്തിയിട്ടുമുണ്ട്.
കാപ്പിയും, പച്ചക്കറി അച്ചാറുകളും ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത് എന്നതാണ് വസ്തുത. റേഡിയോ ഫ്രീക്വൻസി പോലെയൊരു നോൺ അയണൈസിങ് റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുമോ എന്നതിൽ ഇനിയും ശക്തമായ ഗവേഷണം നടക്കേണ്ടതുണ്ട്. പല 5ജി സേവനദാതാക്കളും ലോബാൻഡ് തന്നെ ആയിരിക്കും ഉപയോഗിക്കുക. എന്നാൽ എടിആൻഡ്ടി, വെറിസൺ തുടങ്ങിയ സേവനദാതാക്കൾ അമേരിക്കയിൽ ഹയർ ഫ്രീക്വൻസി ബാൻഡ് 5ജി ഉപയോഗിക്കുന്നു. ഈ ഹൈ ബാൻഡ് ഫ്രീക്വൻസികളാണ് ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്നത്.
എന്നാൽ, ഈ ഹൈ-ബാൻഡ് ഫ്രീക്വൻസിയെയും നോൺ-അയണൈസിങ് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മില്ലിമീറ്റർ വേവ് ഫ്രീക്വൻസി ഉപയോഗിക്കുന്ന 5ജി നെറ്റ്‌വർക്കുകൾ ചെറിയ ടവറുകളായിരിക്കും ഉപയോഗിക്കുക. ഏതാനും മൈൽ ചുറ്റളവിൽ ഒരു ടവർ എന്നതായിരിക്കില്ല രീതി. അതാണ് ചിലരിൽ കൂടുതൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. തങ്ങൾക്ക് കൂടുതൽ റേഡിയേഷൻ ഏൽക്കേണ്ടിവരുമെന്നാണ് അവർ വാദിക്കുന്നത്. 4ജിക്കു വരെ ഉപയോഗിച്ചതിന്റെ അഞ്ചു മടങ്ങു ടവറും മറ്റും സൂപ്പർ ഹൈ-ഫ്രീക്വൻസി മില്ലിമീറ്റർ വേവ് ലെങ്ത്സിനു വേണ്ടിവരും. ഇതാണ് തർക്കങ്ങൾക്ക് വഴിവയ്ക്കുന്നത്.
മറുനാടന് ഡെസ്ക്