ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്പെക്ട്രം ലേലമാണ് ഇത്തവണ നടന്നത്. തിങ്കളാഴ്ച ലേലം അവസാനിക്കുമ്പോൾ 1,50,173 കോടി രൂപയ്ക്കുള്ള സ്പെക്ട്രം വിറ്റഴിച്ചതെന്നാണ് വിവരം. വിൽപ്പനയുടെ താൽക്കാലിക കണക്ക് 1,50,173 കോടി രൂപയാണ്. അന്തിമ തുക എത്രയാണെന്ന് കണക്കാക്കി വരികയാണ്. താമസിയാതെ തന്നെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നേക്കും.

5ജി സ്‌പെക്ട്രം (റേഡിയോ തരംഗം) ലേലത്തിന്റെ 37 റൗണ്ട് പിന്നിട്ടപ്പോൾ 4 കമ്പനികളിൽ നിന്നായി കേന്ദ്രത്തിനു ലഭിച്ചത് 1.50 ലക്ഷം കോടി രൂപയുടെ ബിഡുകളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2015ൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1.09 ലക്ഷം കോടി രൂപയെ ഇത് മറികടന്നു. ഓഗസ്റ്റ് 15നു മുൻപായി കമ്പനികൾക്ക് സ്‌പെക്ട്രം അലോട്ട് ചെയ്യുമെന്നും, ഒക്ടോബറിൽ 5ജി ഇന്ത്യയിൽ യാഥാർഥ്യമായി തുടങ്ങുമെന്നുമാണ് സർക്കാർ വാദം.

72097.85 മെഗാഹെർട്സ് സ്പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്പെക്ട്രംനൽകുക. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് തുടങ്ങിയ ലോ ഫ്രീക്വൻസികൾക്കും, 3300 മെഗാഹെർട്സ് മിഡ്റേഞ്ച് ഫ്രീക്വൻസിക്കും 26 ഗിഗാഹെർട്സ്) ഹൈ റേഞ്ച് ഫ്രീക്വൻസി ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

ലേലത്തിന്റെ ആറാം ദിവസം (ഞായറാഴ്ച), 37 റൗണ്ടുകൾക്ക് ശേഷം 80,100 കോടി രൂപയാണ് റിലയൻസ് ജിയോ ചെലവിട്ടത്. 50,000 കോടി രൂപയുമായി ഭാരതി എയർടെൽ രണ്ടാമതും ഉണ്ട്. ലേലം തിങ്കളാഴ്ചയും തുടർന്നു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഏകദേശം 15,000 കോടി രൂപയ്ക്കാണ് ലേലം വിളിച്ചത്. നാലമത്തെ കമ്പനിയായ അദാനി എന്റർപ്രൈസസ് ഏകദേശം 5,000 കോടി രൂപയ്ക്കും ലേലം ചെയ്തു.

ജിയോയും എയർടെല്ലും നിലവിൽ 1800MHz ബാൻഡിനായി ഉത്തർപ്രദേശ് ഈസ്റ്റ് സർക്കിളിൽ വലിയ മൽസരമാണ് നടന്നത്. അതേസമയം, ലേലം വിളിച്ചെടുത്ത ടെലികോം കമ്പനികൾ മുൻകൂർ പണമടയ്ക്കേണ്ടതില്ലെന്നും 20 വർഷത്തിനുള്ളിൽ പണം നൽകിയാൽ മതിയെന്നും കേന്ദ്ര മന്ത്രി വൈഷ്ണവ് പറഞ്ഞിരുന്നു.

ഈ വർഷം ഒക്ടോബറോടെ 5ജി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് ഐടി മന്ത്രി വൈഷ്ണവ് പറഞ്ഞത്. 4ജിയെക്കാൾ 10 മടങ്ങ് വേഗത്തിൽ ഡേറ്റാ വേഗം നൽകാൻ കഴിയുന്ന 5ജി സംവിധാനത്തിന് മികച്ച ഇ-ഹെൽത്ത്, കണക്റ്റഡ് വാഹനങ്ങൾ, എആർ, മെറ്റാവേഴ്‌സ്, മൊബൈൽ ഗെയിമിങ്/സ്ട്രീമിങ് എന്നിവ മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിക്കും. 5ജി പുരോഗതിയിൽ രാജ്യത്തെ ടെലികോം വ്യവസായം ഒരുപാട് മുന്നേറിയെന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 5ജി സ്‌പെക്ട്രം ലേലം സൂചിപ്പിക്കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു.

യുപി-ഈസ്റ്റ്, ഒഡീഷ സർക്കിളുകളിലേക്ക് 1800 മെഗാഹെർട്സ് ബാൻഡിൽ ലേലം വിളിക്കാൻ ജിയോയും എയർടെല്ലും തമ്മിൽ കാര്യമായ മൽസരം നടന്നു. പ്രത്യേകിച്ച് യുപി-ഈസ്റ്റിലേക്ക് 5ജി സ്‌പെക്ട്രം വിളിക്കാൻ രണ്ട് കമ്പനികളും സജീവമായി രംഗത്തുണ്ടായിരുന്നു. ലഖ്നൗ, പ്രയാഗ്രാജ്, വാരണാസി, ഗോരഖ്പൂർ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്നതാണ് യുപിഈസ്റ്റ്.

കൂടാതെ രണ്ട് ടെലികോം കമ്പനികളും ജെ ആൻഡ് കെ, നോർത്ത് ഈസ്റ്റ്, കർണാടക, കേരളം, യുപി-വെസ്റ്റ്, രാജസ്ഥാൻ, എംപി, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ എട്ട് സർക്കിളുകളിൽ മിഡ്-ബാൻഡ് എയർവേവുകളിൽ ലേലം വിളിക്കാൻ മൽസരിച്ചു. കേരളത്തിലേക്കായി 26 ജിഗാഹെർട്‌സ് സ്പെക്ട്രം ബാൻഡിനായി ഇരു കമ്പനികളും സജീവമായി രംഗത്തിറങ്ങിയിരുന്നു.

ഈ സ്ഥലങ്ങളിലെല്ലാം കവറേജ് വളരെ പ്രധാനമാണ്. നല്ല കവറേജ് ലഭിക്കാൻ ഒരു താഴ്ന്ന ബാൻഡ് ആവശ്യമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് വളരെ ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകുമെന്ന് ഉറപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു. 700 ജിഗാഹെർട്‌സ് ബാൻഡിന് നിരക്ക് 40 ശതമാനം കുറച്ചിരുന്നു. എന്നാൽ, ടെലികോം കമ്പനികൾ ഈ ബാൻഡ് ചെലവേറിയതാണെന്ന് ആരോപിച്ചിരുന്നു. ഇതിനാൽ ടെലികോം കമ്പനികൾ 700 മെഗാഹെർട്‌സ് ബാൻഡ് മുൻപത്തെ രണ്ട് ലേലങ്ങളിലും കാര്യമായി വിളിച്ചിരുന്നില്ല.