ഷാർജ: തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആറായിരത്തോളം കാറുകൾ കണ്ടുകെട്ടിയതായി അധികൃതർ. ആറു മാസത്തിനിടെയാണ് ഉടമസ്ഥർ ഉപേക്ഷിക്കപ്പെട്ട ഇത്രയധികം കാറുകൾ ഷാർജ മുനിസിപ്പാലിറ്റി അധികൃതർ കണ്ടുകെട്ടിയത്. അനധികൃത പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പൊതുനിരത്തിനു സമീപം തുണി കൊണ്ടു മൂടിയിട്ട നിലയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുമായി പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും സ്വദേശികളുടേതാണെന്നാണ് കരുതുന്നത്.

സമ്മർ വെക്കേഷനുവേണ്ടി രാജ്യം വിട്ട സ്വദേശികളുടേതാണ് ഇവയിൽ മിക്കതും. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതും പൊതുനിരത്തിനു സമീപം പൊടിപിടിച്ചു കിടക്കുന്നതുമായ വാഹനങ്ങൾ പരിശോധിച്ച് പിടിച്ചെടുക്കാനുള്ള നടപടികൾ അടുത്തിടെ മുനിസിപ്പാലിറ്റി അധികൃതർ ശക്തമാക്കിയിരുന്നു. ഇവ ചില മേഖലകളിൽ കടുത്ത ഗതാഗത തടസവും സൃഷ്ടിച്ചിരുന്നു.

സമ്മറും സ്‌കൂൾ അവധിക്കാലവും ഒരുമിച്ച് എത്തിയതോടെ നിരത്തുകളിൽ വാഹനങ്ങളുടെ പെരുപ്പം വർധിച്ചിട്ടുമുണ്ട്. കൂടാതെ തെരുവുകളിൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതും പൊടിപിടിച്ച് വൃത്തികേടായിക്കിടക്കുന്നതുമായ വാഹനങ്ങൾ നഗരത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്പിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. കണ്ടുകെട്ടാനുള്ള വാഹനങ്ങൾക്കു മേൽ ആദ്യഘട്ടമെന്ന നിലയിൽ നോട്ടീസ് പതിപ്പിച്ചിരുന്നുവെന്നും പ്രധാന റോഡിൽ നിന്നും മറ്റും നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യാത്ത വാഹനങ്ങൾ കണ്ടുകെട്ടുകയായിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി.

വെക്കേഷനു വേണ്ടി രാജ്യത്തിനു പുറത്ത് പോകുന്നവർ നിരത്തുകളിൽ ഇങ്ങനെ വാഹനം പാർക്ക് ചെയ്യാതെ ബന്ധുക്കളുടേയോ സ്വകാര്യ പാർക്കിങ് മേഖലകളിലോ വാഹനം പാർക്ക് ചെയ്യണമെന്ന് അധികൃതർ ഓർമപ്പെടുത്തി. 2015-ൽ 10,000 കാറുകളാണ് മുനിസിപ്പാലിറ്റി പിടിച്ചെടുത്തിട്ടുള്ളത്. 2014-ലാകട്ടെ 6500 കാറുകളും.