കോഴിക്കോട്: ആറ് കിലോയിലധികം വരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. വടകര സ്വദേശി പാറമ്മൽ അഷ്‌കർ അലി(29)യെയാണ് തൊണ്ടയാട് വെച്ച് കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്പഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) മെഡിക്കൽ കോളജ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലാഴി, തൊണ്ടയാട് കേന്ദ്രീകരിച്ച് ലഹരി മരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ നിരീക്ഷണം നടത്തിവരികയായിരുന്നു.

കഴിഞ്ഞ ദിവസം എസ് ഐ ധനഞ്ജയദാസും മെഡിക്കൽ കോളേജ് പൊലീസ് സംഘവും പതിവു പട്രോളിങ് നടത്തുന്നതിനിടയിൽ പൊലീസ് വാഹനം കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അഷ്‌കർഅലിയെ പിടികൂടിയത്. പരിശോധനയിൽ 6.400കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് മൊത്ത വിൽപന നടത്തുന്ന യുവാവിനെതിരെ നിരവധി ലഹരി കടത്ത് കേസുകളുണ്ട്. ചോദ്യം ചെയ്തതിൽ മൈസൂരിൽ നിന്നാണ് കഞ്ചാവ് കോഴിക്കോട് എത്തിക്കുന്നതെന്നു പൊലീസിനോട് സമ്മതിച്ചു. അന്വേഷണത്തിൽ പ്രദേശത്തെ നിരവധി കഞ്ചാവ് വിൽപനക്കാരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോവിഡ് കാലമായതിനാൽ ലഭ്യത കുറവ് കാരണം കിലോക്ക് 30,000 രൂപ വരെയാണ് കഞ്ചാവിന് ഈടാക്കിയിരുന്നത്. പിടികൂടിയയിന് ചെറുകിട വിപണിയിൽ എത്തുമ്പോൾ 10 ലക്ഷത്തോളം രൂപവരും. ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് ഷാഫി,അഖിലേഷ്, ജോമോൻ, ജിനേഷ്, നോർത്ത് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത്, സഹീർ, സുമേഷ്, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ മുരളീധരൻ, വിപിൻ, എഎസ്ഐ രാജേന്ദ്രൻ, സി.പി.ഒ മാരായ അരുൺ, രജീഷ് എന്നിവരടങ്ങിയ സംഘമാണ്പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.