കോതമംഗലം: ആദിവാസി യുവാവിന്റെ മരണത്തിന് പിന്നാലെ വനംവകുപ്പിന്റെ ക്യാമ്പിങ് സ്റ്റേഷന് നേരെ ആക്രമണം. പൊലീസ് കേസെടുത്തു. അക്രമികൾ പുറമെ നിന്നെത്തിയവരെന്ന് സൂചന. കുട്ടമ്പുഴ ഉരുളൻതണ്ണി ക്യാമ്പിങ്  സ്റ്റേഷനുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. 8 ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്.

സംഭവത്തിൽ നേര്യമംഗലം റെയിഞ്ചോഫീസറുടെ പരാതിയിൽ കുട്ടമ്പുഴ പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തുനിന്നും ഒരു കമ്പിപ്പാരയും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. കമ്പിപ്പാരകൊണ്ട് ജനലുകൾ അടിച്ചുതകർക്കുകയായിരുന്നു. അക്രമികൾ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. പുറമെ നിന്നെത്തിയ നാട്ടുകാരിൽ ചിലരാണ് ആക്രണമണം നടത്തിയതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.

സമീപത്തുള്ള പിണവൂർകുടി നിവാസി സന്തോഷിന്റെ മൃതദേഹം ഇന്നലെ രാവിലെ വീടിന് സമീപം തോടിന്റെ കരയിൽ കണ്ടെത്തിയിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇതെത്തുടർന്ന് വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തിമായിരുന്നു. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റുന്ന സമയത്ത് പൊലീസും അദിവാസികളും നാട്ടുകാരും അടങ്ങുന്ന സംഘവുമായി ഉന്തും തള്ളും ഉണ്ടായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡീൻകുര്യക്കോസ് എം പി, വനംമന്ത്രി എ കെ ശശീന്ദ്രനുമായി മൊബൈലിൽ ബന്ധപ്പെട്ടു. ഇതെത്തുടർന്ന് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഇന്ന് നൽകുന്നതിനും മരണപ്പെട്ട സന്തോഷിന്റെ മകന് താൽകാലിക അടിസ്ഥാനത്തിൽ ജോലി നൽകുന്നതിനും മന്ത്രി മൂന്നാർ ഡി എഫ് ഒ യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നാലെ സ്ഥലത്തെത്തിയ ആന്റണി ജോൺ എം എൽ എ, കാട്ടാനകളുടെ കടന്നുകയറ്റം തടയുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻ ഇടപെടൽ ഉണ്ടാവുമെന്നും ഫെൻസിങ് സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ജനക്കൂട്ടത്തെ അറിയിച്ചു.
സന്തോഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് മേഖലയിൽ ഇന്നലെ മുതൽ പെട്രോളിങ് ശക്തിപ്പെടുത്തി. ജീവനക്കാരിൽ ഏറെയും പെട്രോളിംഗിന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറംഗ സംഘം ആക്രമണം നടത്തിയത്.ഈ സമയം ഇവിടെ രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.