പൂണെ: സദാചാരവും സംസ്‌കാരവുമൊക്കെ പറയുമെങ്കിലും ഗൂഗിളിൽ പോൺ സൈറ്റുകളിൽ ഏറ്റവുമധികം തിരയുന്നത് ഇന്ത്യക്കാരാണെന്നു കണ്ടെത്തൽ. ഗൂഗിളിൽ അശ്ലീല സൈറ്റുകൾ ഏറ്റവും കൂടുതൽ തവണ പരതുന്ന നഗരങ്ങളിൽ ആദ്യപത്തിൽ ഇന്ത്യയിൽ നിന്നുള്ള ആറ് നഗരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.

ന്യൂഡൽഹി, പൂണെ, മുംബൈ, ഹൗറ, ഉന്നാവോ, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ നിന്നാണ് ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തവണ പോണോഗ്രാഫിക് സൈറ്റുകൾ സന്ദർശിച്ചതെന്ന് ഗൂഗിൾ ട്രെന്റ്‌സ് ഡാറ്റ വ്യക്തമാക്കുന്നു. പട്ടികയിൽ ആദ്യ അഞ്ച് നഗരങ്ങളും ഇന്ത്യയിലേതാണ്. മലേഷ്യയിലെ ക്വാലാലംപൂരാണ് മറ്റൊരു നഗരം.

ബലാത്സംഗങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളും വർധിക്കാൻ കാരണം അശ്ലീല സൈറ്റുകളാണെന്ന വാദം ശക്തമായിരിക്കെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. 2008 മുതൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ആനിമൽ പോൺ സെർച്ച് ചെയ്ത നഗരമെന്ന അപഖ്യാതി പൂണെയ്ക്കാണ്. തൊട്ടുപിന്നാലെ ന്യൂഡൽഹിയും മുംബൈയും ബാംഗ്ലൂരുമുണ്ട്.

കൊൽകത്ത, ഹൗറ, ന്യൂഡൽഹി, അഹമ്മദാബാദ്, പൂണെ എന്നീ നഗരങ്ങളാണ് പീഡനദൃശ്യങ്ങൾ (റേപ് പോൺ) കൂടുതലായി സെർച്ച് ചെയ്യുന്നത്. ചൈൽഡ് സെക്‌സ് എന്ന ടേം സെർച്ച് ചെയ്യുന്നതിൽ ലോകത്ത് തന്നെ മുന്നിട്ടു നിൽക്കുന്നത് ഉത്തർപ്രദേശിലെ ഉന്നാവോ എന്ന ചെറിയ നഗരമാണ്.

പൂർണമായ സെർച്ച് വിവരങ്ങൾ ഇല്ലെങ്കിലും സെർച്ചിൽ പൊതുവെയുള്ള ട്രെന്റാണ് ഡേറ്റയിലുള്ളത്. അഥവാ, ഒരു പ്രദേശത്തെ 10 ശതമാനം പേർ പിസ്സ എന്ന് സെർച്ച് ചെയ്‌തെങ്കിൽ അതിനെ ഗൂഗിൾ ട്രെന്റ്‌സ് ഡാറ്റ 100 ആയിട്ടാകും പരിഗണിക്കുക. അതേസമയം, ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സാക്ഷരത കുറവായതിനാലാണ് ഗൂഗിളിൽ ഇത്തരം കാര്യങ്ങൾ പരതുന്നതെന്നും യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലുള്ളവർ പോൺസൈറ്റുകളിലേക്ക് നേരെ കയറുകയാണ് ചെയ്യുന്നതെന്നും ഇതാണ് ഡാറ്റയിൽ ഇന്ത്യയിലെ സെർച്ചുകൾ മുഴച്ചുനിൽക്കുന്നതെന്നുമാണ് ഇന്റർനെറ്റ് വിദഗ്ധരുടെ നിലപാട്.