രാജ്യത്തെ പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിൽ നിയമലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ കർശനനടപടിയുമായി അധികൃതർ രംഗത്ത്. ഇതിന്റെ ഭാഗമായി രാജ്യത്ത് പ്രായംകുറഞ്ഞവർക്ക് സിഗരറ്റ് വിറ്റ നിരവധി കടകൾ ഇപ്പോൾ നടപടികൾ നേരിടുകയാണ്.രാജ്യത്തെ 5 ഓളംകടയുടമകൾക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യക്കാരുടെതുമുണ്ടെന്നാണ് സൂചന.

പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വില്പന നടത്തിയതിനാണ് കടയുടമകൾ നടപടി നേരിടുന്നത്. ഹെൽത്ത് സയൻസ് അഥോറിറ്റിയാണ് ഇവ കണ്ടെത്തി പിഴ ഈടക്കുന്നത്. ഇന്ത്യൻ കടയായ ശ്രീ മഹാലക്ഷ്മി സ്റ്റോർ ഉടമയ്ക്കും പിഴ ഈടാക്കിയിട്ടുണ്ട്. 2300 ഡോളർ ആണ് ഇദ്ദേഹത്തിന് പിഴ ഈടാക്കിയത്. കൂടാത ഇദ്ദേഹത്തിന്റെ ടൊബാക്കോ റീട്ടെയ്ൽ ലൈസൻസും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

മഹാലക്ഷ്മി സ്റ്റോർ കൂടാതെ പ്രൈം സിറ്റി, തായ് വണ്ടർഫുൾ, ഹോക്ക് സിയാങ് ചെങ്ങ് ജോസ് സ്റ്റിക് ട്രെയ്ഡിങ് എന്റർപ്രൈസ്, യി ചെങ് ഡിപാർട്ട്‌മെന്റ് സ്റ്റോർ, 7 ഇലവൺ , എന്നിവയാണ് നടപടി നേരിടുന്ന മറ്റ് കടകൾ. പതിനെട്ട് വയസിന് താഴെയുള്ളവർക്ക് പുകയില വില്ക്കുന്നവർക്കെതിരെ നടപടി നേരിടുമെന്നും, എല്ലാ കടയുടമകളും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.