തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുൽ മത്സരിച്ചവരിൽ കോടീശ്വരന്മാരുടെ എണ്ണം ഇഷ്ടം പോലെയായിരുന്നു. 161 കോടിയുടെ ആസ്തിയുള്ള ബിജു രമേശ് മുതൽ കോടീശ്വരന്മാരുടെ എണ്ണം ഇഷ്ടംപോലെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ എംഎൽഎമാരുടെ എണ്ണം പരിശോധിക്കുമ്പോഴും കോടീശ്വരന്മാരുടെ എണ്ണത്തിൽ മാത്രം കാര്യമായ കുറവില്ല. നിയമസഭയിൽ എത്തിയ 140 എംഎൽഎമാരിൽ 60 പേരാണ് കോടീശ്വരന്മാരുടെ ഗണത്തിൽപ്പെട്ടത്. ഇതിൽ 34 പേർ യുഡിഎഫുകാരാണെങ്കിൽ കോടീശ്വരന്മാരിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ ഭരണപക്ഷത്തെത്തിയ എൽഡിഎഫ് കൈയടക്കി.

നിയമസഭയിലെ കോടീശ്വരന്മാരിൽ ഒന്നാമൻ 92 കോടി 38 ലക്ഷത്തിന്റെ ആസ്തിയുമായി എൻസിപിയുടെ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയാണ്. കഴിഞ്ഞ സർക്കാറിലെയും ഒന്നാം നമ്പർ കുബേരൻ തോമസ് ചാണ്ടി തന്നെയാണ്. രണ്ടാം സ്ഥാനത്തെത്തിയത് 30 കോടി 42 ലക്ഷത്തിന്റെ ആസ്തിയുള്ള ബേപ്പൂരിലെ സിപിഐ(എം) എംഎൽഎ വി.കെ.സി. മമ്മദ് കോയയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സ്വത്തുവിവരങ്ങളനുസരിച്ചാണ് എംഎൽഎമാരിലെ സമ്പന്നരെ കണ്ടെത്തിയത്.

കോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രതിപക്ഷമാണ് മുന്നിലെങ്കിലും ആസ്തിയുടെ കാര്യത്തിൽ ഭരണപക്ഷമാണ് മുമ്പിൽ. ഭരണപക്ഷത്തെ കോടീശ്വരന്മാർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ബിസിനസുകാർ കൂടിയാണ്. ഇടതുപക്ഷത്തേക്ക് വന്ന കെ.ബി.ഗണേശ് കുമാറിന് 22 കോടി 22 ലക്ഷത്തിന്റെ സ്വത്തുണ്ട്. മുന്മന്ത്രി മഞ്ഞളാംകുഴി അലി 20 കോടി 27 ലക്ഷം, നിലമ്പൂരിലെ സിപിഐ(എം) സ്വതന്ത്രനും വ്യവസായിയുമായ പി.വി.അൻവർ 14 കോടി 39 ലക്ഷം.

സമ്പന്നരുടെ പട്ടികയിൽ ആറാമത് വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരനാണ്. ആസ്തിമൂല്യം 13 കോടി 5 ലക്ഷം. നടൻ മുകേഷും മുന്മന്ത്രി അടൂർ പ്രകാശും താനൂരിലെ സിപിഐ(എം) സ്വതന്ത്രൻ വി.അബ്ദുറഹ്മാനും മുന്മന്ത്രി അനൂപ് ജേക്കബും ആദ്യ പത്തിൽ ഇടംപിടിച്ചു. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും കോടിശ്വരനാണ്. ഒരു കോടി ഏഴ് ലക്ഷത്തി 16,684 രൂപയാണ് പിണറായിയുടെ ആസ്തി മൂല്യം.

പതിനാലാം നിയമസഭയിലേക്ക് മൽസരിച്ചവരിൽ ഒരുകോടി രൂപയിലധികം മൂല്യമുള്ള ആസ്തി ഉണ്ടായിരുന്നത് 202 പേർക്കാണ്. ഇതിൽ 60 പേർ വിജയിച്ചു. പതിനഞ്ച് മുസ്ലിംലീഗ് എംഎൽഎമാരും 14 കോൺഗ്രസുകാരും. ഭരണപക്ഷത്ത് 25 പേരാണ് സമ്പത്തിൽ മുന്നിൽ. ഉടുമ്പഞ്ചോല എംഎൽഎ എംഎം മണി, മുന്മന്ത്രിമാരായ എ.കെ.ബാലൻ, രമേശ് ചെന്നിത്തല, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, എസ്.ശർമ തുടങ്ങിയവരൊക്കെ ഉൾപ്പെട്ടതാണ് പതിനാലാം നിയമസഭയിലെ കോടിപതികളുടെ പട്ടിക.

അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് ആണ് സ്ഥാനാർത്ഥികളുടേയും എംഎൽഎമാരുടേയും സ്വത്തുവിവരങ്ങൾ ക്രോഡീകരിച്ച് പട്ടിക തയാറാക്കിയത്.