കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ് കഴിഞ്ഞ വിദേശികൾക്ക് നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്താൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. 60 വയസ്സു കഴിഞ്ഞ വിദേശികളെ സർക്കാർ സർവിസുകളിൽനിന്ന് പിരിച്ചുവിടുന്ന പദ്ധതി ഉടൻ നടപ്പാക്കിയേക്കുമെന്ന് പബ്‌ളിക് സർവിസ് കമീഷനെ ഉദ്ധരിച്ച് ഉന്നത സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തുടക്കത്തിൽ അസിസ്റ്റന്റ് തസ്തികയിലുള്ളവരെയായിരിക്കും പിരിച്ചുവിടുകയെന്ന് അധികൃതർ വ്യക്തമാക്കി. ഈ നിയമത്തിൽനിന്ന് ഏതെങ്കിലും രാജ്യക്കാരെ ഒഴിച്ചുനിർത്തില്ല. അതേസമയം, 60 കഴിഞ്ഞ സ്വദേശികളെ പിരിച്ചുവിടാൻ ഉദ്ദേശ്യമില്ല. നിയമത്തിന്റെ പരിധിയിൽവരുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനോ സ്വകാര്യമേഖലയിൽ അനുയോജ്യമായ മറ്റു തൊഴിൽ അന്വേഷിക്കാനോ സാവകാശം നൽകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

സർക്കാർ ജോലിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്ന സ്വദേശി യുവാക്കൾക്ക് തൊഴില വസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ് 60 കഴിഞ്ഞ വിദേശികളെ പിരിച്ചു വിടാൻ ഒരുങ്ങുന്നത്.20,000 സ്വദേശി യുവതി-യുവാക്കളാണ് സർക്കാർ ജോലി ലഭിക്കാൻ സിവിൽ സർവിസ് കമീഷനിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്.