കെയ്റോ: ഈജിപ്റ്റിൽ വെച്ച് മരണപ്പെട്ട ബ്രിട്ടൺ സ്വദേശിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവധി ആഘോഷത്തിനിടയിൽ മരണമടഞ്ഞ 62കാരന്റെ ആന്തരീകാവയവങ്ങൾ മോഷണം പോയി എന്ന് ആരോപണം ഉയർന്നത്. ഇതേ തുടർന്ന് ഈജിപ്റ്റിന്റെയും ബ്രിട്ടന്റെയും അധികൃതർ തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു. പിരമിഡിന്റെ നാട്ടിൽ സന്ദർശനത്തിന് പോയി അജ്ഞാത സാഹചര്യത്തിൽ പെട്ടെന്ന് മരണമടഞ്ഞയാളുടെ മൃതദേഹം തിരികെ എത്തിയത് ചില ആന്തരീക അവയവങ്ങൾ ഇല്ലാതെയായിരുന്നു എന്നാണ് ബ്രിട്ടന്റെ ആരോപണം. മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് ബ്രിട്ടൻ പറയുന്നതെങ്കിലും ആരോപണങ്ങൾ ഈജിപ്ത് തള്ളിയിട്ടുണ്ട്.

ഡേവിഡ് ഹാംപ്ഷയർ എന്ന 62 കാരനെ കരിങ്കടലിന്റെ തീരത്തെ ഒരു റിസോർട്ടിൽ സെപ്റ്റംബർ 18 ന് മരണമടഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചെങ്കിലും ഹൃദയം ഉൾപ്പെടെയുള്ള ഏതാനും ആന്തരീക അവയവങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വീണ്ടും പോസ്റ്റുമാർട്ടം നടത്താൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. അതേസമയം അവയവ മോഷണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ തട്ടിപ്പ് റിപ്പോർട്ടാണ് പുറത്തു വിടുന്നതെന്നുമാണ് കെയ്റോ ആരോപിച്ചിരിക്കുന്നത്.

ഡേവിഡ് ഹാംപ്ഷെയറിന്റെ സാമ്പിളുകൾ എടുത്തെന്നും ഹൃദയം, കരൾ, വൃക്കകൾ മറ്റ് ചില ആന്തരീകാവയവങ്ങൾ എന്നിവ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എടുത്തു മാറ്റിയെന്നുമാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. അവ എന്തിനാണ് എടുത്തതെന്നോ തിരിച്ചു വെയ്ക്കാതിരുന്നത് എന്താണെന്നോ ഒന്നും പറഞ്ഞിട്ടുമില്ല. അതേസമയം ടൂറിസ്റ്റ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അതേ സമയം പിതാവിന്റെ മരണത്തിൽ ആരേയും കുറ്റപ്പെടുത്താനില്ലെന്ന നിലപാടാണ് ഡേവിഡിന്റെ മകൾ നടത്തുന്നത്.

അതേസമയം ഡേവിഡ് മരണമടഞ്ഞ ഹർഘാഡയിൽ തന്നെ ഓഗസ്റ്റ് 21 ന് ശ്രദ്ധയിൽ പെട്ട മറ്റൊരു കേസിൽ ടൂർ ഓപ്പറേറ്റർ തോമസ് കുക്ക് തന്റെ ഇടപാടുകാരെ ഒരു ബ്രിട്ടീഷ് ദമ്പതികളുടെ മരണത്തെ തുടർന്ന് മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ബ്രിട്ടീഷ് ദമ്പതികളുടെ മരണത്തിൽ അന്ന് മകൾ സംശയം രേഖപ്പെടുത്തിയിരുന്നു. റിസോർട്ടിലെ സ്റ്റീജൻ ബർഗർ അക്വാ മാജിക് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുമ്പോൾ ജോൺ, സൂസൻ കൂപ്പർ ദമ്പതികൾ പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നെന്നാണ് ഈജിപ്ഷ്യൻ അധികൃതർ അന്നും പറഞ്ഞത്.