- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
68ാം വയസിൽ പിഎച്ച്ഡി മോഹം സഫലമാക്കി ഗോപാലകൃഷ്ണൻ; കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വ സംഭവമെന്ന് അധികൃതർ; തന്റെ അദ്ധ്യാപന ചരിത്രത്തിലെ ഏറ്റവും ലാളിത്യമുള്ള വിദ്യാർത്ഥിയെന്ന് ഗൈഡ് ഡോ. നസീമയും
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ അത്യപൂർവ നേട്ടവുമായി ഗോപാലകൃഷ്ണൻ. അറുപത്തിയെട്ടാം വയസ്സിൽ പി.എച്ച്.ഡി. എന്ന മോഹം സഫലീകരിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം എം.എസ്പി. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 2008-ൽ പ്രിൻസിപ്പലായി വിരമിച്ച ഗോപാലകുഷ്ണൻ. കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ഈ പ്രായത്തിലൊരാൾ മുഴുവൻ സമയപഠിതാവായി ഗവേഷണ ബിരുദം കരസ്ഥമാക്കുന്നത് അത്യപൂർവമാണെന്ന് സർവ്വകലാശാല അധികൃതർ പറഞ്ഞു.
ഫാറൂഖ് കോളേജിന് സമീപം അടിവാരത്ത് ' ശാലീനയിൽ ' താമസിക്കുന്ന റിട്ട. അദ്ധ്യാപകനായ പി.പി. ഗോപാലകൃഷ്ണനാണ് ഉന്നതപഠനത്തിന് പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിച്ചത്. കാലിക്കറ്റിലെ തന്നെ എജ്യുക്കേഷൻ പഠനവകുപ്പിൽ നിന്ന് 2016-ൽ എം.ഫിൽ നേടി തൊട്ടടുത്ത വർഷം പി.എച്ച്.ഡിക്ക് ചേരുകയായിരുന്നു. പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സി. നസീമയായിരുന്നു രണ്ട് കോഴ്സിലും മാർഗദർശി. തന്റെ അദ്ധ്യാപന ചരിത്രത്തിലെ ഏറ്റവും ലാളിത്യമുള്ള വിദ്യാർത്ഥിയെന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ഡോ. നസീമയുടെ വിലയിരുത്തൽ.
ബി.എസ്സി. ഫിസിക്സും ഇംഗ്ലീഷിൽ എം.എയും നേടിയ ഇദ്ദേഹം ബി.എഡ്., എം.എഡ്. കോഴ്സുകളും ചെയ്തിട്ടുണ്ട്. മലപ്പുറം എം.എസ്പി. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 2008-ലാണ് പ്രിൻസിപ്പലായി വിരമിച്ചത്. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം ബി.എഡ്. സെന്ററിലും നിലമ്പൂർ പാലേമാടുള്ള വിവേകാനന്ദ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അദ്ധ്യാപകനായി ജോലി നോക്കി. എം.ഫിൽ., പി.എച്ച്.ഡി. പഠനത്തിനായി തത്കാലം ജോലിയിൽ നിന്നു മാറി നിൽക്കുകയായിരുന്നു. പി.എച്ച്.ഡി. പ്രവേശനത്തിന് സർവകലാശാലയുടെ പ്രവേശന സോഫ്റ്റ്വേറിൽ പ്രായം ചേർക്കാനായി ഇദ്ദേഹത്തിന് വേണ്ടി മാറ്റം വരുത്തി.
കോവിഡിന് മുമ്പേ ഡാറ്റാ കളക്ഷൻ പൂർത്തിയാക്കിയതിനാൽ യഥാസമയം കോഴ്സും പൂർത്തിയാക്കാനായെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കേറ്റിലാണ് ഇദ്ദേഹത്തിന്റെ പി.എച്ച്.ഡിക്ക് അംഗീകാരം ലഭിച്ചത്. മലപ്പുറം ഡെപ്യൂട്ടി കളക്ടറായി വിരമിച്ച കല്യാണിക്കുട്ടിയാണ് ഭാര്യ. കാരപ്പറമ്പ് ഹോമിയോ മെഡിക്കൽ കോളേജിൽ അസി. പ്രൊഫസറായ ഡോ. ശാലിനി ഏകമകളും ഹോമിയോ ഡോക്ടറായ സുഭാഷ് മോഹൻ മരുമകനുമാണ്.