ഭുവനേശ്വർ:  വീട്ടിൽ നിന്നും സന്ധ്യാ സമയത്ത് അടുത്തുള്ള കടയിൽ ബിസ്‌ക്കറ്റ് വാങ്ങാൻ പോയ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായ നിലയിൽ അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഒഡീഷയിലെ കട്ടക്കിൽ ശനിയാഴ് വൈകുന്നേരമാണ് സംഭവം. കുട്ടി ബിസ്‌ക്കറ്റ് വാങ്ങാൻ കടയിലേക്ക് പോയ സമയത്ത് നാട്ടിൽ പവർകെട്ടായിരുന്നു. കടയിൽ പോയ കുട്ടിയെ ഏറെ നേരമായും കാണാതായപ്പോൾ വീട്ടുകാർ കുട്ടിയെ തിരക്കി ഇറങ്ങി.

തുടർന്ന് ഗ്രാമവാസികളുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് കണ്ടെത്തിയത്. പെൺകുട്ടി ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. സംഭവത്തിൽ അതേ ഗ്രമാത്തിലുള്ള 25-കാരനായ ഒരാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌കൂൾ ക്യാമ്പസിൽ അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. വായിൽ നിന്നും തലയിൽ നിന്നും രക്തം ഒലിച്ച നിലയിൽ വിവസ്ത്രയായിട്ടാണ് ഉണ്ടായിരുന്നത്. കുട്ടി മരിച്ചെന്ന് കരുതിയാണ് പ്രതി കടന്ന് കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ഇവർ കണ്ടെത്തിയത്. കുട്ടിയുടെ തലയിലും നെഞ്ചിലും കഴുത്തിലും മുഖത്തുമെല്ലാം പരിക്കേറ്റിട്ടുണ്ട്.

കുട്ടിയെ ആദ്യം സ്വകാര്യ നഴ്സിങ് ഹോമിലും പിന്നീട് കട്ടക്ക് എസ്.സി.ബി മെഡക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗത്തുമായി ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. വിവിധ വകുപ്പുകളിലുള്ള 13 ഓളം ഡോക്ടർമാരാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത്. പെൺകുട്ടിയുടെ ഗ്രാമവാസി തന്നെയാണ് അറസ്റ്റിലായ പ്രതിയും.

ഈ ആഴ്ചാവസാനം മറ്റ് രണ്ട് ബലാത്സംഗ കേസുകൾ കൂടി ഒഡീഷയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധ ശിക്ഷ വിധിക്കാനുള്ള ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്.