ഡബ്ലിൻ: രാജ്യത്തെ വിവിധ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ കാത്തിരിക്കുന്ന ട്രോളി രോഗികളുടെ എണ്ണം കഴിഞ്ഞ മാസം 7,700 കവിഞ്ഞെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഇത് റെക്കോർഡ് വർധനയാണെന്നും രാജ്യത്തെ ആരോഗ്യവകുപ്പിന് തന്നെ ഇതു നാണക്കേട് സൃഷ്ടിക്കുന്നുവെന്നുമാണ് വിലയിരുത്തുന്നത്.

ആശുപത്രികളിൽ വേണ്ടത്ര കിടക്കകളില്ലാത്തത് എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ നൂറു വയസു കഴിഞ്ഞ രണ്ടു പേർ കഴിഞ്ഞ മാസം ഒരു ദിവസത്തിൽ കൂടുതൽ ട്രോളിയിൽ കഴിഞ്ഞതും ഏറെ വിവാദത്തിന് വഴിതെളിച്ചിരുന്നു. ലീമെറിക്കിലേയും താലാട്ട് ആശുപത്രികളിലായിരുന്നു നൂറുവയസു കഴിഞ്ഞ രണ്ട് സ്ത്രീകൾ ചികിത്സയ്ക്കായി കാത്തിരുന്നത്.

2006-നെ അപേക്ഷിച്ച് ട്രോളി രോഗികളുടെ എണ്ണത്തിൽ 83 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഐഎൻഎംഒ വ്യക്തമാക്കി. ട്രോളി രോഗികളുടെ അവസ്ഥ ഒരു നാഷണൽ എമർജൻസിയായി ഹെൽത്ത് മിനിസ്റ്റർ പ്രഖ്യാപിച്ചത് 2006ലായിരുന്നു. ഡബ്ലിനിലെ ബോമോണ്ട് ആശുപത്രിയിലാണ് ഏറ്റവും മോശകരമായ അവസ്ഥ. ഇവിടെ കഴിഞ്ഞ മാസം 782 രോഗികളാണ് ട്രോളിയിൽ കഴിഞ്ഞത്. ലേബർ റിലേഷൻസ് കമ്മീഷനുമായുള്ള ചർച്ചകളെ തുടർന്ന് കൂടുതൽ നഴ്‌സുമാരെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നിയമിക്കുന്നമെന്ന് ബോമോണ്ട് ആശുപത്രി അധികൃതർ സമ്മതിച്ചിരുന്നതാണ്.

ബോമോണ്ട് ആശുപത്രിയിലെ ട്രോളി പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട്  ഇവിടത്തെ 33 ബെഡ് അക്യൂട്ട് സർജിക്കൽ വാർഡ് പെട്ടെന്നു തന്നെ അടച്ചുപൂട്ടണമെന്ന് സെനറ്റർ ഡാരാ ഒബ്രിയൻ നിർദേശിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ സർജിക്കൽ വെയ്റ്റിങ് ലിസ്റ്റ് ഉള്ള ആശുപത്രിയായ ബോമോണ്ടിൽ സർജിക്കൽ വാർഡ് അടച്ചുപൂട്ടുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തുന്നത്.

കോ ലൂത്തിലെ ദ്രോഗീഡയിലുള്ള ഔവർ ലേഡി ഓഫ് ലൂർദ്‌സിൽ 718 പേരും, ലീമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 538 പേരും കോർക്കിൽ 454 പേരും ട്രോളിയിൽ ചികിത്സ കാത്തിരിക്കുന്നുണ്ട്. 2014 മെയ്‌ മാസത്തെക്കാൾ ഈ വർഷം മേയിൽ ട്രോളി രോഗികളുടെ എണ്ണം 31 ശതമാനമാണ് വർധിച്ചിരിക്കുന്നത്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഐഎൻഎംഒ എക്‌സിക്യുട്ടീവ് കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.