- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് പങ്കാളികളെ പരസ്പ്പരം കൈമാറുന്ന സംഘത്തിലെ ഏഴു പേർ പിടിയിൽ; ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി നിർണായകമായി; സംഘത്തിന്റെ ആസൂത്രണവും ഏകോപനവും കപ്പിൾ മീറ്റ് അപ്പ് കേരള എന്ന മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴി; വൻ കണ്ണികളെന്ന സൂചനയുമായി പൊലീസ്
കോട്ടയം: മെട്രോ നഗരങ്ങളിൽ പങ്കാളികളെ പരസ്പ്പരം കൈമാറുന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ കേരളീയർ വായിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾ കേരളത്തിലും പിടിമുറുക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പങ്കാളികളെ പരസ്പരം കൈമാറുന്ന വൻസംഘം കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പിടിയിലായി. സംഘത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് കറുകച്ചാൽ പൊലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം.
സംഭവത്തിൽ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാൽ പൊലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നത്.
ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാൽതന്നെ വലിയ കണ്ണികൾ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.
സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം.
വൈഫ് സ്വാപ്പിങ് അഥവാ കീ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഈ ഏർപ്പാട് മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വ്യാപകമാണ്. മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാർട്ടിക്ക് ഭാര്യാസമേതമെത്തുന്നവർ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇതായിരുന്നു ഈ ശൈലി.
വൈഫ് സ്വാപ്പിങ് പലപ്പോഴും വിവാദവും കേസും വാർത്തയുമൊക്കെയായി മാറിയിട്ടുണ്ട്. 2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു.
2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്. തവനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബംഗളൂരു എച്ച്.എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ