കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യാക്കാരടക്കം എട്ട് പേരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്ലാൻ പ്രവിശ്യയിലാണ് സംഭവം. ഐഎസ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന.
തട്ടിക്കൊണ്ടു പോയവരിൽ ഒരു അഫ്ഗാൻ സ്വദേശിയുമുണ്ട്. ഇന്ത്യൻ എൻജിനീയർമാരെയാണു തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. വടക്കൻ ബഗ്ലാൻ പ്രവിശ്യയിലെ ഒരു വൈദ്യുതി പവർ പ്ലാന്റിലേക്ക് ഇവർ പോകുമ്പോഴായിരുന്നു സംഭവം.

സർക്കാർ ഉടമസ്ഥതയിലുള്ള പവർ പ്ലാന്റിലേക്കു മിനി ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബസിനെ വളഞ്ഞ ആയുധധാരികൾ എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറായിരുന്നു അഫ്ഗാൻ സ്വദേശി. സംഭവം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മോചനത്തിനായുള്ള ശ്രമം തുടങ്ങിയതായും അറിയിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

'ദാ അഫ്ഗാനിസ്ഥാൻ ബ്രെഷ്‌ന ഷേർക്കത്ത്' എന്ന കമ്പനി ജീവനക്കാരായിരുന്നു ഇന്ത്യക്കാരും. രാജ്യത്തെ പവർ സ്റ്റേഷനുകളുടെ നടത്തിപ്പു ചുമതലയുള്ള കമ്പനികളിലൊന്നാണിത്. ഇതിന്റെ ഭാഗമായുള്ള അറ്റകുറ്റപ്പണിക്കായി ബഗ്ലാനിലേക്കു പോകുമ്പോഴായിരുന്നു സംഭവം.നൂറ്റി അൻപതിലേറെ അഫ്ഗാൻ എൻജീനീയർമാരും സാങ്കേതിക വിദഗ്ധരും നിലവിൽ അഫ്ഗാനിൽ ജോലി ചെയ്യുന്നുണ്ട്. താലിബാൻ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണു സൂചന.

150ഓളം എഞ്ചിനീയർമാരും നിരവധി ടെക്നിക്കൽ ജീവനക്കാരും ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പണത്തിന് വേണ്ടി ആളുകളെ തട്ടിക്കൊണ്ട് പോകുന്നത് അഫ്ഗാനിസ്ഥാനിൽ പതിവാണ്. 2016 ഒരു ഇന്ത്യൻ സന്നദ്ധ പ്രവർത്തകയെ കാബൂളിൽ നിന്ന് തട്ടിക്കൊണ്ട് പോയിരുന്നു. 40 ദിവസങ്ങൾക്ക് ശേഷമാണ് അവരെ വിട്ടയച്ചത്.