ദമ്മാം: സൗദിയിലെ മലയാളി നഴ്‌സുമാർ ശ്രദ്ധിക്കുക. വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് പിടിയിലായത് ഏഴ് മലയാളി നഴ്‌സുമാർ. ദമ്മാമിൽ നിന്നാണ് ഏഴ് മലയാളി നഴ്‌സുമാരെയും പിടികൂടിയത്. കുവൈറ്റിലേക്ക് എത്താൻ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചവരാണ് പിടിയിലായവരെല്ലാം. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനാൽ ഇവരെ എല്ലാവരെയും ക്രിമിനൽ കുറ്റം ചുമത്തി ജയിലിൽ അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളിൽ ജോലി ചെയ്തിരുന്നവരാണ് മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയിൽ പിടിക്കപ്പെട്ടത്. ചിലത് ട്രാവൽ ഏജന്റുമാർ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങളോ ഇവർ ഏത് ജില്ലയിൽപ്പെട്ടവരാണെന്നോ ആശുപത്രികൾ പുറത്ത് വിട്ടിട്ടില്ല. സൗദിയിൽ ജോലി ചെയ്യാൻ എത്തുന്ന വിദേശ നഴ്‌സുമാർക്ക് നാട്ടിലെ ആശുപത്രികളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. കൃത്യമായ പ്രവൃത്തി പരിചയമില്ലാതെ വ്യീജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എത്തിയവരാണ് പിടിയിലായവരെല്ലാം.

2005 ന് ശേഷം സൗദിയിൽ വന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വർഷം ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൗദിയിലേക്ക് ആരോഗ്യ മേഖലയിൽ ജോലിക്ക് വരുന്നവർക്ക് നാട്ടിൽ രണ്ട് വർഷം പ്രവൃത്തിപരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത്. ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേർ കുരുക്കിലായി. പിടിയിലായവരിൽ പലരും കുടുംബവുമായി താമസിക്കുന്നവരാണ്. ഇതോടെ മലയാളികൾക്ക് മേലുള്ള പരിശോധനയും സർക്കാർ കർശനമാക്കിയിട്ടുണ്ട്.

പിടിക്കപ്പെട്ടാൽ ക്രിമിനൽ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുമെന്നതിനാൽ നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിയമം കർശനമാക്കിയതോടെ നിലവിൽ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. നാട്ടിൽനിന്ന് വരുന്നവർ ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.