ഫ്ളോറിഡ: 155 മൈൽ വേഗത്തിൽ വീശിയടിച്ച മൈക്കിൾ ചുഴലിയിൽ മരണമടഞ്ഞവരുടെ സംഖ്യ മുപ്പത്തിമൂന്നായെന്നു ബേ കൗണ്ടി ഷെരീഫ് ടോമി ഫോർഡ് പറഞ്ഞു. ഫ്ളോറിഡയിൽ മാത്രം 19 പേരാണ് മരിച്ചത്.

ചുഴലയിൽ കനത്ത നാശം സംഭവിച്ച പനാമ സിറ്റിയിലും, മെക്സിക്കോ ബീച്ചിലും ജീവിതം സാധാരണനിരയിലാകണമെങ്കിൽ ദീർഘനാളുകൾ വേണ്ടിവരും. ചുഴലി മുന്നറിയിപ്പ് ലഭിച്ച് വീടുവിട്ടുപോയവർ തിരിച്ചെത്തി അധികൃതരുടെ സഹായത്തോടെ നാശനഷ്ടങ്ങൾ വിലയിരുത്തി തുടങ്ങി.

രക്ഷാപ്രവർത്തനം മിക്കവാറും അവസാനിപ്പിച്ചുവെങ്കിലും മരണസംഖ്യം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നു അധികൃതർ പറഞ്ഞു.ഒക്ടോബർ 16-നു ചൊവ്വാഴ്ച 12 മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയി ഉയർന്നത്. ഫ്ളോറിഡ, നോർത്ത് കരോളിന, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ചുഴലി കാര്യമായി ബാധിച്ചത്.

ഫ്ളോറിഡ ബേ കൗണ്ടിയിൽ 2500 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത്. അതിൽ 162 എണ്ണം പൂർണമായി തകർന്നു. 158,000 വീടുകളിൽ ചൊവ്വാഴ്ച വരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല.

ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി പന്ത്രണ്ട് ടീമുകളായി തിരിഞ്ഞ് നാശനഷ്ടം സംഭവിച്ചവർക്കു സഹായധനം വിതരണം ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16,000 ഫെഡറൽ ജീവനക്കാരും, 8000 മിലിട്ടറി ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.