ചാലക്കുടി: മകളുടെ ദുരൂഹ മരണത്തിൽ അമ്മ അറസ്റ്റിൽ. ചാലക്കുടിയിൽ ഏഴു വയസ്സുകാരി ഗോവണിയിൽ നിന്നും വീണു മരിച്ചു എന്ന കേസിലാണ് അമ്മ പൊലീസ് പിടിയിലായത്. കുന്നപ്പിള്ളി പെരുമാനപ്പറമ്പിൽ വിപിന്റെ ഭാര്യ ഷാനി(39)യെയാണ് മകൾ ആവണിയുടെ മരണത്തിൽ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഗോവണിയിൽ നിന്നും വീണാണ് മരിച്ചതെന്നാണ് ഷാനിയുടെ മൊഴി. എന്നാൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മകളുടെ മരണത്തിൽ കുട്ടിയുടെ പിതാവും ദുരൂഹത ഉണ്ടെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിലാണ് ഷാനിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അമ്മയെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിസത്തേക്ക് റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 23നാണ് ആവണിയെ വീടിനകത്തു ഗോവണിയിൽനിന്നു വീണു പരുക്കേറ്റനിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കുട്ടി മരിച്ചു.

കുട്ടിയുടെ ദേഹത്തു മറ്റു മുറിവുകൾ കണ്ടത് അന്നേ സംശയത്തിനിടയാക്കിയിരുന്നു. ഗൾഫിൽനിന്നു സംസ്‌ക്കാരച്ചടങ്ങിനെത്തിയ പിതാവ് മരണകാരണം സംബന്ധിച്ച് സംശയം ഉന്നയിച്ചതോടെ ദുരൂഹതയേറി. ഇക്കാര്യം ചോദിച്ചതോടെ ഷാനിക്ക് മാനസികാസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ കളമശേരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തപ്പോഴായിരുന്നു അറസ്റ്റ്.

ഷാനിമോൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സ നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ഇവരെ തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുക ആയിരുന്നു. കുട്ടി തന്റെ ദേഹത്ത് ഛർദിച്ചപ്പോൾ ദേഷ്യത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

സെപ്റ്റംബർ 23-നാണ് ആവണി മരിച്ചത്. ഗോവണിയിൽനിന്നു വീണ് മരിച്ചുവെന്നാണ് ആദ്യം ഷാനിമോൾ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ, പിന്നീട് ഇത് മാറ്റിപ്പറഞ്ഞു. അതോടെയാണ് മരണത്തെക്കുറിച്ച് സംശയം ഉണ്ടായത്. ഭർത്താവ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്.