കയ്‌റോ: യുദ്ധക്കെടുതികൾ മൂലം നരകയാതന അനുഭവിക്കുന്ന യെമനിലെ ഒരു അഭയാർഥി ക്യാമ്പിൽ നിന്നും പട്ടിണിയുടെ ക്രൂര മുഖം കാട്ടിതന്നത് ന്യൂയോർക്ക് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച അമാൽ ഹുസൈൻ എന്ന ഏഴ് വയസുകാരിയുടെ ചിത്രമാണ്. നാളുകളായുള്ള പട്ടിണി മൂലം എല്ലുന്തി നിൽക്കുന്ന പിഞ്ചു കുഞ്ഞിന്റെ ശരീരം ഏവരേയും വേദനിപ്പിക്കുന്ന ഒന്നായിരുന്നു. പത്രത്തിൽ വന്ന ചിത്രം കണ്ട് പലരും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.

വടക്കൻ യെമനിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞിരുന്ന കുഞ്ഞ് മരിച്ച വിവരം അമ്മ മറിയം അലിയാണ് ലോകത്തെ അറിയിച്ചത്. യുദ്ധ കെടുതികൾക്ക് പിന്നാലെ പട്ടിണിയും രോഗവും മൂലം യെമനിൽ ഒരോ 10 മിനിറ്റിലും ഒരു കുഞ്ഞു മരിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. 18 ലക്ഷം കുട്ടികൾ പോഷകാഹാരമില്ലാതെ നരകിക്കുകയാണെന്നും യുനിസെഫ് മധ്യപൂർവദേശ മേധാവി ഗീർത് കാപ്പലേർ പറയുന്നു.

അന്ന് ഐലൻ ഇന്ന് അമാൽ

മൂന്ന് വർഷം മുൻപ് തുർക്കി കടൽത്തീരത്ത് മരമണമടഞ്ഞ സിറിയൻ ബാലൻ ഐലൻ കുർദ്ദിയുടെ ഓർമകൾ ഏവരുടേയും മനസിൽ നീറി നിൽക്കുന്ന അവസരത്തിലാണ് അമാലിന്റെ മരണവും മനുഷ്യ ഹൃദയങ്ങളെ നുറുക്കുന്നത്. യെമനിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞിരുന്ന അമാലിന്റെ മരണം യെമനിലെ പട്ടിണിയുടെ യഥാർത്ഥ ചിത്രമാണ് വെളിപ്പെടുത്തുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയത്.

ആരോഗ്യ സ്ഥിതി മോശമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ആശുപത്രിയും പരാജയപ്പെട്ടിരുന്നു. മകൾ പട്ടിണി മൂലം മരിച്ചതോടെ മറ്റ് മക്കളെയോർത്ത് തന്റെ ഹൃദയം നുറുങ്ങുകയാണെന്നാണ് അമാലിന്റെ അമ്മ ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചത്. സൗദിയുടെ നേതൃത്വത്തിലുള്ള തുടർച്ചയായ യുദ്ധമാണ് യെമനിലെ ഇന്നത്തെ അവസ്ഥകൾക്ക് കാരണമായിട്ടുള്ളത്. ഇതിൽ രൂക്ഷമായ പട്ടിണിക്ക് കൂടി യെമൻ ജനത സാക്ഷിയാവുകയാണ്. നേരത്തെ യെമൻ- സൗദി അതിർത്തിയിലെ സാദ പ്രവിശ്യയിലായിരുന്നു നേരത്തെ അമാലിന്റെ കുടുംബം താമസിച്ചിരുന്നത്.

എന്നാൽ സാദ പ്രവിശ്യയിൽ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം ശക്തമായതോടെയാണ് അമാലിന്റെ കുടുംബം ഇവിടെ നിന്ന് പലായനം ചെയ്യുന്നത്. 2015ലാണ് ഇവർ പലായനം ചെയ്തത്. അധികാര വടംവലികളുടെ ഭാഗമായി സൗദി യെമനിൽ 18,000 ഓളം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണക്ക്. അടിയന്തിരമായി യെമൻ ജനതയ്ക്ക് പോഷകാഹാരം ലഭ്യമാക്കിയില്ലെങ്കിൽ പോഷകാഹാരക്കുറവ് 14 മില്യണിലെത്തുമെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷിതമായി തുർക്കി തീരത്തെത്താനുള്ള ശ്രമത്തിനിടെയാണ് ഐലൻ കുർദ്ദിയെന്ന മൂന്ന് വയസ്സുകാരൻ മരണത്തിന് കീഴടങ്ങുന്നത്. 2015 സെപ്റ്റംബർ രണ്ടിനാണ് സിറിയൻ ബാലന്റെ മൃതദേഹം തുർക്കി തീരത്ത് നിന്ന് കണ്ടെടുത്തത്. മെഡിറ്ററേനിയൻ കടൽത്തീരത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ഐലന്റെ മൃതദേഹം. സിറിയയിലെ ആഭ്യന്തര കലഹങ്ങൾ രൂക്ഷമായതോടെ യൂറോപ്പിലേക്കുള്ള പലായനത്തിനിടെയാണ് കുർദ്ദി മരിക്കുന്നത്.