- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം; തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 700 പേരെ തടവിലാക്കി സുരക്ഷാ സേന; താഴ്വരയിലെ ആക്രമണ ശൃംഖല തകർക്കാൻ നീക്കം; അമിത് ഷായുടെ നിർദ്ദേശം ഏറ്റെടുത്ത് അധികൃതർ
ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം സമുദായക്കാർ ഉൾപ്പെടെ ഏഴ് സാധാരണക്കാർ ആറ് ദിവസത്തിനിടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ജമ്മു കശ്മീരിൽ ഭീകര സംഘടനകളുമായി ബന്ധം പുലർത്തുന്നവരും അനുഭാവികളുമായ 700 പേരെ സുരക്ഷാ സേന തടവിലാക്കി. ഇവരിൽ പലരും ജമാഅത്തെ ഇസ്ലാമിയുമായോ മറ്റു ഭീകരസംഘടനകളുമായോ ബന്ധമുള്ളവരാണ്.
കശ്മീർ താഴ്വരയിലെ ആക്രമണ ശൃംഖല തകർക്കാനാണ് ഇവരെ തടവിലാക്കിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഭീകരപ്രവർത്തനങ്ങളിലെ വർധനവാണ് ആക്രമണങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗർ, കശ്മീർ, ബുദ്ഗാം എന്നിവിടങ്ങളിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. കശ്മീർ താഴ്വരയിലെ ഭീകരത വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന് അധികൃതർ പറയുന്നു.
ലഷ്കറെ തയ്ബയുടെ ഉപഘടകമായ 'ദ് റെസിസ്റ്റൻസ് ഫ്രണ്ട്' ആണ് മിക്ക ആക്രമണങ്ങൾക്കും പിന്നിലെന്ന് പൊലീസ് ആരോപിക്കുന്നു. ജനുവരി മുതൽ 28 സാധാരണക്കാർ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടു. ട്രാൻസിറ്റ് ക്യാംപുകളിൽ താമസിക്കുന്ന ഡസൻ കണക്കിന് കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ ഇതിനകം താഴ്വരയിൽനിന്ന് പലായനം ചെയ്തു. ജമ്മു കശ്മീർ ലെഫ്.ഗവർണർ മനോജ് സിൻഹ ആക്രമണങ്ങളെ അപലപിക്കുകയും ആക്രമണങ്ങളുമായി ബന്ധമുള്ളവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ആറ് ദിവസങ്ങൾക്കിടെ കശ്മീരിൽ ഏഴ് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇത് പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്തു. കശ്മീരിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടക്കുന്നതിൽ പ്രതിഷേധിച്ച് കശ്മീരി പണ്ഡിറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ തിരികെ സ്വന്തം മണ്ണിലേക്ക് വരാൻ ഭീകരർ അനുവദിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ കശ്മീരൽ വിന്യസിച്ചിട്ടുണ്ട്.
സാധാരണക്കാർ കൊലപ്പെട്ടത് ഇതിനകം കശ്മീർ താഴ്വരയിൽ പ്രകോപനവും സൃഷ്ടിച്ചു. ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടങ്ങളുടെ കഴിവില്ലായ്മയെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. നിരപരാധികൾ മരിക്കുകയാണെന്നും നയങ്ങൾ പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായും നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല വ്യാഴാഴ്ച വ്യക്തമാക്കി. കശ്മീർ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ശ്രീനഗറിൽ ആയുധധാരികളുടെ വെടിയേറ്റ് സർക്കാർ സ്കൂൾ അദ്ധ്യാപകരായ സുപുന്ദർ കൗർ, ദീപക് ചന്ദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച, ശ്രീനഗറിലെ ഇക്ബാൽ പാർക്കിലെ ഫാർമസി ഉടമ മഖാൻ ലാൽ ബിന്ദ്രൂ (70) അദ്ദേഹത്തിന്റെ സ്റ്റോറിനുള്ളിൽ വെടിയേറ്റു മരിച്ചു.
അന്നേദിവസം ബന്ദിപോറയിൽ ടാക്സി ഡ്രൈവറായ മുഹമ്മദ് ഷാഫി, ശ്രീനഗറിലെ തെരുവ് ഭക്ഷണ വിതരണക്കാരനായ ബിഹാർ സ്വദേശി വീരേന്ദർ പസ്വാൻ എന്നിവരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ കശ്മീരിലേക്ക് അയച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രാദേശിക ഉദ്യോഗസ്ഥരെ വിമർശിച്ചതിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരുടെ സംഘത്തെ അയച്ചത്.
ന്യൂസ് ഡെസ്ക്