താമസ കുടിയേറ്റരേഖകളില്ലാതെ അനധികൃതമായി തങ്ങുന്ന 775 ആളുകൾ ഷാർജ കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. അനധികൃത താമസക്കാർക്കെതിരെ നടക്കുന്ന പൊലീസ് കാമ്പയിന്റെ ഭാഗമായിട്ടാണ്  ഇത്രയുംപേർ പിടിയിലായത്. എമിറേറ്റിൽ എത്തുകയും സ്‌പോൺസർമാരിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തവരാണ് പിടിയിലാവരിൽ ഏറെയും .

അറസ്റ്റിലായവരിൽ ഏറിയ പങ്കും ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട് . പണമിടപാടുകൾ, ഭിക്ഷയെടുക്കൽ, ഗുണ്ടായിസം എന്നിങ്ങനെ പല ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി ജീവിക്കുകയായിരുന്നു പിടിയിലായവർ .

ആളൊഴിഞ്ഞതോ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതോ ആയ കെട്ടിടങ്ങളിൽ നിന്നുമാണ് കൂടുതൽപേരും പിടിയിലായത്. കൂടാതെ മറ്റുചിലരുടെ താമസസ്ഥലങ്ങളിൽ തങ്ങിയവരും പിടിയിലായിട്ടുണ്ട്. അനധികൃത താമസക്കാരെ പിടികൂടാനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഷാർജ കുറ്റാന്വേഷണ വിഭാഗം തലവൻ ജിഹാദ് സാഹു പറഞ്ഞു.