ജിദ്ദ: രാജ്യത്തെ തൊഴിൽ മേഖലകളിലുള്ള സ്വദേശികളുടെ എണ്ണം വെറും 22 ശതമാനം മാത്രമെന്ന് റിപ്പോർട്ട്. 11.07 മില്യൺ വരുന്ന രാജ്യത്തെ തൊഴിലാളികളിൽ 78 ശതമാനവും വിദേശികൾ. അതേസമയം സൗദി തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷത്തേതിലും കുറഞ്ഞുവരുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2014 ആദ്യ പകുതിയിൽ 657,000 ആയിരുന്ന തൊഴിലില്ലായ്മ രണ്ടാം പകുതിയോടെ 651,000 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. പൊതുമേഖലകളിൽ സൗദി സ്വദേശികൾക്ക് ഒട്ടേറെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇവിടെ ജോലി ചെയ്യാൻ സ്വദേശികൾ തയാറായതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണമായത്. സർക്കാർ ജോലികൾക്കായി കാത്തിരിക്കാതെ മിക്ക സ്വദേശികളും സ്വകാര്യ കമ്പനികളിലെ താത്ക്കാലിക ജോലികൾ സ്വീകരിക്കാനും തയാറായിട്ടുണ്ട്.

നിതാഖാത് പ്രഖ്യാപിച്ച് സ്വകാര്യ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്താനുള്ള ലേബർ മിനിസ്ട്രിയുടെ പരിശ്രമത്തിനിടയിലും വിദേശതൊഴിലാളികളുടെ എണ്ണം 2014 അവസാനത്തോടെ 78 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2014-ൽ എഴുത്ത്, സെയിൽസ്, സർവീസ് മേഖലകളിൽ ജോലി ചെയ്യുന്ന സൗദി സ്വദേശികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം സയന്റിഫിക്, ഹ്യൂമാനിറ്റേറിയൻ മേഖലകളിൽ ജോലി ചെയ്യുന്ന സൗദി ടെക്‌നീഷ്യന്മാരുടെ എണ്ണം 41,500 ആയി കുറഞ്ഞിട്ടുമുണ്ട്. കൂടാതെ അഗ്രിക്കൾച്ചർ, ആനിമൽ ഹസ്ബന്ററി, മത്സബന്ധനം തുടങ്ങിയ മേഖലകളിലും സ്വദേശികളുടെ സാന്നിധ്യം ക്രമാതീതമായി കുറയുകയായിരുന്നു.

പ്രധാനമായും ആറു തൊഴിൽ മേഖലകളിലാണ് വിദേശീയരുടെ എണ്ണം വർധിച്ചിട്ടുള്ളത്. ഇതിൽ ടെക്‌നിക്കൽ, ഹ്യുമാനിറ്റേറിയൻ മേഖലയിലും സെയിൽസ് മേഖലകളിലും യഥാക്രമം 52,500, 109,300 എന്നിങ്ങനെയാണ് വിദേശതൊഴിലാളികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർധന.