ദോഹ: ഖത്തറിനെതിരേ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം തുടരുമ്പോഴും തുറമുഖം വഴിയുള്ള ഇറക്കുമതിയിൽ 78 ശതമാനം വർധന രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് മാസത്തിൽ തന്നെ ഖത്തറിലെത്തിയ കണ്ടെയ്‌നറുകളുടെ എണ്ണത്തിൽ 38 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി വ്യക്തമാക്കി. 

ജൂലൈ മാസത്തിൽ 48,873 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത സ്ഥാനത്ത്
ഓഗസ്റ്റ് മാസത്തിൽ 67,603 കണ്ടെയ്‌നറുകളാണു തുറമുഖങ്ങൾ കൈകാര്യം ചെയ്തത്. കണ്ടെയ്‌നറുകളുടെ എണ്ണത്തിൽ 18,730 യൂണിറ്റുകളുടെ വർധനയാണുണ്ടായത്. ജനറൽ കാർഗോ ഇനത്തിൽ 78% വർധനയാണുണ്ടായത്. ജൂലൈ മാസത്തിൽ കൈകാര്യം ചെയ്തത് 80,275 ടൺ കാർഗോയാണെങ്കിൽ ഓഗസ്റ്റ് മാസത്തിൽ ഇത് 1,42,854 ടണ്ണായി ഉയർന്നു. അതേ സമയം, റോ-റോ(വാഹനങ്ങൾ) ഇറക്കുമതിയിലും, കന്നുകാലി ഇറക്കുമതിയിലും നേരിയ കുറവുണ്ടായി.