ഡബ്ലിൻ: ഉൾനാടൻ മേഖലകളിലേക്ക് സേവനത്തിനായി ജിപിമാരെ ആകർഷിക്കുന്നതിന് വർഷം 8000 യൂറോ അലവൻസ് പ്രഖ്യാപിച്ചു കൊണ്ട് എച്ച്എസ്ഇ. രാജ്യത്തെ പല റൂറൽ മേഖലകളിലും ഫുൾ ടൈം ഫാമിലി ഡോക്ടർമാരുടെ അഭാവം കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടങ്ങളിൽ സേവനത്തിന് തയാറാകുന്നവർക്ക് 8000 യൂറോ അധികം നൽകാൻ തീരുമാനമായത്.

രാജ്യത്ത് 19 മേഖലകളിൽ പെർമെനന്റ് ജിപിമാരില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജിപിമാരുടെ അഭാവം മൂലം മിക്ക റൂറൽ മേഖലകളിലും രോഗികൾക്ക് കിലോമീറ്ററോളം താണ്ടേണ്ടി വരുന്നതായി റിപ്പോർട്ടുണ്ട്. ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് അടുത്ത കാലത്ത് സൗജന്യ ജിപി കെയറും നിലവിൽ വന്നതോടെ റൂറൽ പ്രദേശങ്ങളിൽ ജിപിമാരുടെ കുറവ് വലിയ പ്രശ്‌നം തന്നെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ടൗണിൽ നിന്ന് മൂന്നു മുതൽ ഏഴു വരെ മൈൽ ദൂരെയുള്ള മേഖലകളിൽ ജോലി ചെയ്യാൻ തയാറായിട്ടുള്ളവർക്ക് 8000 യൂറോ വാർഷിക അലവൻസായി നൽകാൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ഈ പാനലുകളിലേക്ക് ഡോക്ടർമാരെ ആകർഷിക്കുന്നതിനായി ഈ തുക മതിയാകുമോ എന്ന കാര്യത്തിലും അഭിപ്രായഭിന്നത ഉരുത്തിരിഞ്ഞിട്ടുണ്ട്. റൂറൽ മേഖലയിലെ സേവനം സംബന്ധിച്ച് എച്ച്എസ്ഇ ഇപ്പോൾ പുതിയ ഗൈഡ് ലൈൻ പുറപ്പെടുവിച്ചിട്ടുമുണ്ട്.