മനാമ: ബഹ്‌റിനിൽ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. അനധികൃത താമസക്കാർക്ക് രാജ്യം വിട്ടുപോകാനും രേഖകൾ നിയമാനുസൃതമാക്കാനും പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവരെ 8000 ത്തോളം പേരാണ് പ്രയോജനപ്പെടുത്തി. ഇതുവരെ 8000ഓളം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടതായും 18,000ഓളം പേർ രേഖകൾ നിയമാനുസൃതമാക്കിയതുമായാണ് കണക്ക്. പൊതുമാപ്പ് കാലാവധി ഇനി നീട്ടില്ലെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടത്തൊൻ പരിശോധന ശക്തമാക്കുമെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്‌സിക്യുട്ടിവ് ഉസാമ ബിൻ അബ്ദുല്ല അൽ അബ്‌സി പറഞ്ഞു.

ജൂലൈയിലാണ് ആറുമാസം നീണ്ട പൊതുമാപ്പ് സർക്കാർ പ്രഖ്യാപിച്ചത്. 60,000ഓളം അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നായിരുന്നു എൽ.എം.ആർ.എയുടെ കണക്ക്. പ്രതീക്ഷിച്ചതിലും അധികം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നതായി അദ്ദേഹം പറഞ്ഞു.
അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ നടപടിക്രമങ്ങൾ തുടങ്ങണമെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പലരും അവസാന ദിവസങ്ങളിലത്തെിയതിനാൽ ഓഫിസുകളിൽ തിരക്ക് കൂടി. ഉദ്യോഗസ്ഥർ കൂടുതൽ സമയം ജോലി ചെയ്താണ് അപേക്ഷകളിൽ തീർപ്പുകൽപിച്ചത്. അവസാന ദിവസം വരെ അപേക്ഷകൾ സ്വീകരിക്കുമെന്നും നിശ്ചിത സമയത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രമം നടത്തുമെന്നും ഉസാമ ബിൻ അബ്‌സി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച മുതൽ ഇൻസ്‌പെക്ടർമാർ താമസ കേന്ദ്രങ്ങളിലും മറ്റും പരിശോധന നടത്തും. അനധികൃത താമസക്കാരെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി ശിക്ഷാനടപടികൾ കൈക്കൊള്ളും. കോടതിയിൽ കേസുള്ളവർ, സന്ദർശക വിസയിലത്തെി കാലാവധി കഴിഞ്ഞും തങ്ങുന്നവർ, യാത്രാനിരോധമുള്ളവർ എന്നിവരെ പൊതുമാപ്പ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരക്കാരെ എമിഗ്രേഷൻ വിഭാഗവും ആഭ്യന്തര മന്ത്രാലയവുമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.