മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ഭൂകമ്പവും സുന്ാമിയും. മെക്‌സിക്കോയെ പിടിച്ചു കുലുക്കിയതിൽ വെച്ചും ഏറ്റവും വലിയ ഭൂകമ്പത്തിൽ 61 പേർ കൊല്ലപ്പെട്ടു. ഇന്നലെ ഉണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 8.1 രേഖപ്പെടുത്തി. നിരവധി പേർക്ക് വീട് നഷ്ടമാകുകയും നിനരവധി ആശുപത്രികളും സർ്കകാർ കെട്ടിടങ്ങളും തകരുകയും ചെയ്തു. പല സ്ഥലങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. തെക്കൻ പെസഫിക് തീരത്ത് നിന്നും 100 മൈൽ അകലെ വ്യാഴാഴ്ച അർദ്ധരാത്രിയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പ ഉറവിടത്തിന് അടുത്തുള്ള മൂന് സംസ്ഥാനങ്ങളിലാണ് മരണവും അധികം നാശനഷ്ടവും ഉണ്ടായത്. 

റിക്ടർ സ്‌കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നു മെക്‌സിക്കൻ തീരത്ത് സൂനാമിയും അനുഭവപ്പെട്ടു.2.3 അടി ഉയരത്തിലാണു തിരകൾ കരയിലേക്ക് അടിച്ചുകയറിയതെന്നു സൂനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. അതേസമയം, ഭൂകമ്പത്തിൽ തെക്കൻ മെക്‌സിക്കൻ സംസ്ഥാനം ചിയാപസിൽ വീടു തകർന്നു നിരവധിപേർ മരിച്ചതായി ഗവർണർ മാനുവൽ വെലാസ്‌കോ അറിയിച്ചു. ടബാസ്‌കോ സംസ്ഥാനത്ത് മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഒരാൾ ഭിത്തി തകർന്ന് വീണും മറ്റൊരു കുട്ടി വെന്റിലേറ്ററിൽ കഴിയവേ കറന്റ് പോയതിനാലും ആണ് മരിച്ചത്. 

മെക്‌സിക്കോയിൽ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ശക്തമായ ഭൂചലനമാണിത്. ആയിരങ്ങൾ കൊല്ലപ്പെട്ട 1985ലെ ഭൂചലനം ഇതിനെക്കാൾ കുറഞ്ഞ തീവ്രതയാണു രേഖപ്പെടുത്തിയത്. മെക്‌സിക്കോയുടെ തെക്കൻ തീരത്തുള്ള പിജിജിയാപന് 100 കിലോമീറ്റർ തെക്കു പടഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

തീരമേഖലയിൽനിന്നു ജനങ്ങളെ വ്യാപകമായി ഒഴിപ്പിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തോളം കുടുംബങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മെക്‌സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, കോസ്റ്റ റിക്ക, നിക്കരാഗ്വ പാനമ, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ കിഴക്കൻ തീരത്തുനിന്നുള്ള കാത്യ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയിലാണു മെക്‌സിക്കോ. ഇതിനിടെയാണു വൻ ഭൂകമ്പം മെക്‌സിക്കോയെ പിടിച്ചുലച്ചിരിക്കുന്നത്. 8.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ നാലോളം ചെറ് തുടർ ചലനങ്ങൾ ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു.