ഗുവാഹത്തി: രാജ്യത്ത് ഒരുവർഷം മറ്റു മതങ്ങളിലേക്കു പരിവർത്തനം ചെയ്യുന്നത് എട്ടുലക്ഷം ഹിന്ദുക്കളെന്നു വിശ്വഹിന്ദു പരിഷത്ത്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും വ്യാപക മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്നുവെന്നും വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി വൈ രാഘവുലു പറഞ്ഞു.

വി.എച്ച്.പി നേതാവായ മോഹൻലാൽ അഗർവാളിനെ ആദരിക്കാൻ ചേർന്ന ചടങ്ങിലായിരുന്നു രാഘവുലുവിന്റെ പരാമർശം. വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് ജി രാഘവ റെഡ്ഡിയും പങ്കെടുത്ത ചടങ്ങിലായിരുന്നു രാഘവുലുവിന്റെ പ്രസ്താവന.

മതപരിവർത്തനത്തിന് മുസ്ലിമും ക്രിസ്ത്യാനിയും പ്രേരിപ്പിക്കുന്നു. ഹിന്ദുക്കളുടെ ഇടയിൽ നുഴഞ്ഞു കയറിയുള്ള മതപരിവർത്തനത്തിലൂടെ രാജ്യത്തിന്റെ അഖണ്ഡതപോലും തകർക്കുകയാണു ലക്ഷ്യം. രാജ്യത്ത് ആധിപത്യം ഉറപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്.

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശും ഒരിക്കൽ അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ അവർ വേറെ രാജ്യങ്ങളായി. ഇനി നമ്മുടെ രാജ്യത്തിന് ഒരു വിഭജനം അനുവദിക്കാൻ സാധിക്കില്ലെന്നും വിഎച്ച്പി നേതാവു പറഞ്ഞു.