അബുദാബി: കൊച്ചിയിൽ നിന്നും അബുദാബിക്ക് തിരിച്ച എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ കഴിക്കാൻ കിട്ടിയ ബിരിയാണിയിൽ ചില്ലുകഷണം. ഓഗസ്റ്റ് 31ന് കൊച്ചിയിൽ നിന്ന് വൈകുന്നേരം 5.30ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് സംഭവം അരങ്ങേറുന്നത്.

അബുദാബിയിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായ് ജോലി നോക്കുന്ന സുനിൽ മാടമ്പിൽ ഭാര്യയും രണ്ടു പെൺമക്കളുമൊത്താണ് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നത്. മാർഗമധ്യേ വിമാനത്തിൽ നിന്നു ലഭിച്ച വെജിറ്റബിൾ ബിരിയാണി കഴിക്കാൻ ഒരുങ്ങവേയാണ് ഇതിൽ ചില്ലുകഷണം കണ്ടെത്തുന്നത്. ബിരിയാണി മൂന്നു സ്പൂൺ അകത്താക്കി കഴിഞ്ഞപ്പോഴാണ് എന്തോ വസ്തുവിൽ കടിച്ചതായി മകൾ എട്ടു വയസുകാരി ഷ്രീഷ്‌മേര പറഞ്ഞത്.

കടിച്ച വസ്തു വായിൽ നിന്നെടുത്തു നോക്കിയപ്പോഴാണ് അത് ചില്ലുകഷണമാണെന്ന് വ്യക്തമായത്. ഭാഗ്യത്തിന് കുട്ടി ഇതു വിഴുങ്ങിയില്ലെന്നും ചില്ലുകഷണം അകത്തായിരുന്നെങ്കിൽ കൂടുതൽ ആപത്ത് ഉണ്ടാകുമായിരുന്നുവെന്നും സുനിൽ പറയുന്നു. ഉടൻ തന്നെ ഇത് വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവരിൽ നിന്നും തണുത്ത പ്രതികരണമായിരുന്നു എന്നാണ് സുനിൽ പറയുന്നത്. ജീവനക്കാരെത്തി ക്ഷമാപണം നടത്തുക മാത്രമാണ് ചെയ്തത്. ശേഷം ബിരിയാണി പായ്ക്കറ്റ് എടുത്തുകൊണ്ടുപോകുകയും ചെയ്തു. കൂടാതെ അധികൃതർക്ക് ഒരു പരാതി നൽകാൻ ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടു. അതുപ്രകാരം സുനിൽ പരാതി നൽകിയിട്ടുണ്ടെന്നും സുനിൽ മാടമ്പിൽ അറിയിച്ചു.

ഇതാദ്യമായാണ് വിമാനയാത്രക്കിടെ ഇത്തരത്തിൽ ഒരുപ്രശ്‌നമുണ്ടാകുന്നതെന്നും തന്റെ കുടുംബം ഇതിന്റെ ഷോക്കിൽ നിന്നും വിമുക്തരായിട്ടില്ല എന്നും സുനിൽ വ്യക്തമാക്കി.