ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്തിൽ ഏറ്റവും അധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പാക്കിസ്ഥാനിലാണ്. ഏതാണ്ട് 80 ശതമാനത്തോളം വരും ഇത്. ലോകാരോഗ്യസംഘടനയുടെ ആഗോള പോളിയോ നിർമ്മാർജന വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള കണക്കുകൾ ഇവ വെളിപ്പെടുത്തുന്നു.

2014 ഒക്ടോബർ വരെ 206 കുട്ടികളിൽ പോളിയോ രോഗം സ്ഥിരീകരിച്ചു എന്നാണ് സംഘടന പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 19 ഓളം പുതിയ പോളിയോ പുതിയ രോഗികളെ പാക്കിസ്ഥാനിലെ വസീറിസ്ഥാനിൽ കണ്ടെത്തി.

പോളിയോ രോഗം ബാധിച്ച കുട്ടികളിൽ പേശീനാശം സംഭവിക്കും. പ്രത്യേകിച്ച് കാലുകളുടെയും കൈകളുടെയും ഒപ്പം തന്നെ പക്ഷാഘാതവും സംഭവിക്കാം. തീവ്രവാദികളിൽ നിന്നും മതനേതാക്കളിൽ നിന്നുമുള്ള എതിർപ്പ് മൂലം പോളിയോക്കുള്ള പ്രതിരോധ മരുന്ന് പാക്കിസ്ഥാനിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും നൽകാൻ കഴിയാറില്ല. പ്രതിരോധ മരുന്ന് ജനങ്ങളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യശക്തികളുടെ നീക്കമായാണ് അവർ കണക്കാക്കുന്നത്.

വാക്‌സിൻ കൊടുക്കുന്ന ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്തുകയുംവരെ ചെയ്തിട്ടുണ്ട് പാക്കിസ്ഥാനിൽ. വാക്‌സിൻ എടുക്കുന്ന കുട്ടികളുടെ വളർച്ച മുരടിച്ചുപോകും എന്ന തരത്തിലുള്ള പ്രചാരണവും നടത്തുന്നു.

എന്തായാലും പാക്കിസ്ഥാന്റെ ഈ പ്രവൃത്തികൾ ലോകത്തെ മറ്റു രാജ്യങ്ങൾക്കാണ് ഭീഷണിയാകുന്നത്. പാക്കിസ്ഥാന്റെ അയൽ രാജ്യങ്ങളായ ഇന്ത്യ, ചൈന ഒപ്പം തന്നെ പാക്കിസ്ഥാനികൾ വൻതോതിൽ കുടിയേറിപാർക്കുന്ന രാജ്യങ്ങളായ ഇറാഖ്, സൗദി, ബ്രിട്ടൻ തുടങ്ങിയവ. ലോകത്തിൽ തന്നെ പോളിയോ ആദ്യമായി വിമുക്തമായ രാജ്യങ്ങളിൽ ഇന്ത്യയും ഉൾപെടും, 2013ൽ തന്നെ നമ്മുടെ രാജ്യത്തു നിന്ന് പോളിയോ തുടച്ചു നീക്കപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ ഈ അവസ്ഥ അയൽരാജ്യങ്ങൾക്കും ഒപ്പം തന്നെ ലോകത്തിനും വലിയ ആശങ്ക പകരുന്ന ഒന്നാണ്.