ഡബ്ലിൻ: അയർലണ്ടിൽ വീടില്ലാതാകുന്നവരുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണെന്ന് ചാരിറ്റി റിപ്പോർട്ട്. തെരുവിൽ ഉറങ്ങുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതിനെതിരേ നടപടികൾ സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും സർവേയിൽ വ്യക്തമായിരിക്കുകയാണ്. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനുള്ളിൽ 800-ലധികം കുട്ടികൾക്കാണ് കിടപ്പാടം നഷ്ടമായിരിക്കുന്നതെന്നാണ് ഒരു ചാരിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം തന്നെ 45 കുടുംബങ്ങൾക്ക് ഡബ്ലിനിൽ വീട് നഷ്ടമായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തെരുവിൽ ഉറങ്ങുന്നവരുടെ എണ്ണം 20 ശതമാനം വർധിച്ചുവെന്നും ഫോക്കസ് അയർലണ്ട് എന്ന സംഘടന നടത്തിയ സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഫോക്കസ് അയർലണ്ട് അവരുടെ ക്രിസ്മസ് കാമ്പയിൻ ഇന്നലെ ആരംഭിച്ചതിനു പിന്നാലെയാണ് ഈ കണക്കുകൾ വെളിയിൽ വന്നിരിക്കുന്നത്. രാജ്യവ്യാപകമായ വാടകനിരക്ക് കുത്തനെ ഉയർന്നതാണ് ഇതിന് പ്രധാനകാരണമെന്ന് ഫോക്കസ് അയർലണ്ട് ഫൗണ്ടർ സിസ്റ്റർ സ്റ്റാനിസ്ലേയ്‌സ് കെന്നഡി പറയുന്നു. ഡബ്ലിനിൽ തന്നെ വാടക നിരക്കിൽ 17 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. രാജ്യമെമ്പാടും വാടക വർധിക്കുകയും ചെയ്തിട്ടുണ്ട്.

വാടക നിരക്കിനൊപ്പം തന്നെ കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്താൻ സാധിക്കാതെ വരുന്നതിനാൽ അവസാനം അവർക്ക് വീടു നഷ്ടമാകുകയാണ്. സർക്കാർ ഇക്കാര്യത്തിൽ ശുഷ്‌ക്കാന്തി കാട്ടിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഗുണം ചെയ്തിട്ടില്ല. വീടില്ലാത്തവർക്ക് വീടു കൊടുക്കുകയെന്നത് മന്ത്രിമാരുടെ പ്രധാന ലക്ഷ്യമായിരിക്കണമെന്നും തെരുവിൽ അന്തിയുറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണെന്നും ഡബ്ലിൻ മേയർ ക്രിസ്റ്റി ബുർക്ക് അഭിപ്രായപ്പെട്ടു. തലസ്ഥാനത്തെ പ്രധാന പ്രശ്‌നമാണ് തെരുവിൽ അന്തിയുറങ്ങുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നത്.