അബൂദബി: മൂടൽ മഞ്ഞുള്ള സമയങ്ങളിൽ അതികൃതരുടെ നിർദ്ദേശം ലംഘിച്ച് ട്രക്ക് ഓടിച്ച ട്രക്ക് ഡ്രൈവർമാർക്ക് പിഴ ഈടാക്കി അധികൃതർ. 800 ലധികം ഡ്രൈവർമാർക്കാണ് അബൂദബി പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം പിഴ ചുമത്തിയത്.

കാഴ്ച മങ്ങിയതും മൂടൽ മഞ്ഞുള്ളതുമായ സമയങ്ങളിൽ വാഹനം നിർത്തിയിടാനും വ്യക്തമായി കാണാൻ സാധിക്കുന്ന സമയങ്ങളിൽ മാത്രം യാത്ര തുടരാനും അധികൃതർ ട്രക്ക് ഡ്രൈവർമാർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്.

ഇത്തരം സന്ദർഭങ്ങളിൽ അപകട സാധ്യത വർദ്ധിക്കുന്നതിനാലും റോഡ് ഉപയോഗിക്കു ന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ട്രക്ക് ഓടിക്കുന്നത് വിലക്കിയത്. അബൂദബി - അൽ ഗുവൈഫാർ റോഡിലെ ഇരു വശങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തി നിയമലംഘനം നടത്തിയവരെ പിടികൂടിയത്.

കാലാവസ്ഥ മാറിയ സാഹചര്യത്തിൽ എല്ലാറോഡുകളിലും പരിശോധനയും സുരക്ഷയും കർശനമാക്കിയതായും അധുകൃതർ വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിക്കാതിരിക്കുക, അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കാതിരിക്കുക, അമിത ഭാരം കയറ്റാതിരിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിർത്തിയിടാതിരിക്കുക എന്നീ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.