സിനിമ സ്‌ക്രീനിൽ മാത്രം കണ്ടാൽ മതിയോ? അതിലെ കഥാപാത്രങ്ങളായി നമുക്കും ഒന്ന് വിലസണ്ടേ? എങ്കിൽ നേരേ തിരുവനന്തപുരത്തേക്ക് പോരൂ. 9 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫൗണ്ടൻ ഇന്നവേഷൻ ഒരുക്കുന്ന ഈ പുതിയ ദൃശ്യാനുഭവം ഒരിക്കലും മറക്കാനാകാത്ത ഒന്നാകുമെന്നുറപ്പ്. 15 മിനിറ്റ് മാത്രം ദൈർഘ്യമുള്ള 9 ഡി കാഴ്ചകൾ പ്രേക്ഷകരെ ഒരു മായിക ലോകത്തിലേക്കാണ് എത്തിക്കുന്നത്.

സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളാണ് ഇവിടെയുള്ളത്. കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും പൊങ്ങുകയും താഴുകയും വട്ടംചുറ്റുകയും ഒക്കെ ചെയ്യുന്ന സീറ്റുകളാണത്. മാത്രമല്ല, സ്‌ക്രീനിൽ തെളിയുന്ന ചിത്രങ്ങളുടെ യഥാർഥ അനുഭവം പ്രേക്ഷകർക്ക് നേരിട്ട് ലഭ്യമാകുന്ന തരത്തിലാണ് തിയറ്ററിന്റെ ഘടന. അതോടൊപ്പം പുകയും മഞ്ഞും മിന്നലും കാറ്റും മഴയും മണവുമെല്ലാം കാഴ്ചക്കാർക്ക് നവ്യാനുഭൂതി പകരും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് 9 ഡി ഷോ ഒരുക്കിയിരിക്കുന്നത്.

യുഎഇയിൽ 2012ൽ ആരംഭിച്ച സ്ഥാപനം ആദ്യമായാണ് കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. ബംഗളൂരുവിലും ഫൗണ്ടൻ ഇന്നവേഷൻസ് 9 ഡി സിനിമാ പ്രദർശനം നടത്തുന്നുണ്ട്. പ്രത്യേകം തയ്യാറാക്കിയ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 150-ഓളം സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഒരേസമയം ആറുപേർക്കാണ് 9 ഡി ഷോ കാണാനാകുക. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേകം കൺസെഷൻ പാക്കേജും ലഭ്യമാണ്. ഇതോടൊപ്പം ഷോയിൽ എക്സ്ഡിയുടെ മൊബൈൽ 9ഡി എന്റർടെയ്ന്മെന്റ് വാനിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കും. തിരുവനന്തപുരം കൂടാതെ തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലും അടുത്തുതന്നെ 9 ഡി തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കും.

തിരുവനന്തപുരത്ത് എസ്എൽ തിയറ്റർ കോംപ്ലക്‌സിനരികിൽ ചെട്ടികുളങ്ങര ജങ്ഷനിലാണ് ഫൗണ്ടൻ ഇന്നവേഷൻസ് തിയറ്റർ.