ഹൂസ്റ്റൺ: ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ഓഫീസർമാർ 95 വിദേശികളെ പിടികൂടിയതായി അധികൃതർ അറിയിച്ചു.അനധികൃത കുടിയേറ്റക്കാരിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 ഉം മറ്റു കേസുകളിൽ പ്രതികളായ 13 പേരേയുമാണ് സൗത്ത് ഈസ്റ്റ് ടെക്സസിൽ നിന്നും അഞ്ചു ദിവസത്തിനുള്ളിൽ പിടികൂടിയത്. ഇവരിൽ 8 സ്ത്രീകളും ഉൾപ്പെടും.

അഞ്ചു ദിവസങ്ങളിലായി നടന്ന ഓപ്പറേഷൻ ക്രിമിനലുകളെ പിടികൂടുന്നതിനു മാത്രമായിരുന്നുവെന്നും, മറ്റു ദിവസങ്ങളിൽ കർശനമായ അന്വേഷണങ്ങളും നടപടികളുമാണ് കൈകൊള്ളുന്നതെന്നും ഐസിഇ അധികൃതർ പറഞ്ഞു. അറസ്റ്റ് ചെയ്തവരുടെ കേസുകൾ ഓരോന്നായി പ്രത്യേകം പഠിച്ചു കേസെടു ക്കുകയോ, ഡിപോർട്ടേഷൻ നിർത്തുകയോ ചെയ്യുമെന്നും ഇവർ അറിയിച്ചു.

ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടികൾ ശക്തമാക്കുന്നതിന് നൂറുകണക്കിന് ഇമ്മിഗ്രേഷൻ ഓഫീസർമാരെ യാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. 2016 ൽ ഐസിഇ 240,255 പേരെ രാജ്യവ്യാപകമായി നീക്കം ചെയ്തതിൽ 92 ശതമാനവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നതായിരുന്നു എന്നും അധികൃതർ പറഞ്ഞു.