ചെന്നൈ: അമ്മ ഒഴിച്ചിട്ടു പോയ കസേരയിൽ പിൻഗാമിയായി ഒ. പനീർ ശെൽവം തന്നെ എത്തണമെന്ന് 95 ശതമാനം പേരും ആഗ്രഹിക്കുന്നതായി ടൈം ഓഫ് ഇന്ത്യ ഓൺലൈൻ പോൾ. തമിഴ് ജനതയുടെ മാത്രം ആഗ്രഹമായിട്ടല്ല ഇതു കാണേണ്ടത്. രാജ്യമെമ്പാടുമായി നടത്തിയ ഓൺലൈൻ പോളിലാണ് ശശികലയെ പിന്തള്ളി പനീർശെൽവം ജനമനസുകളിൽ ഇടംപിടിച്ചത്.

തമിഴ്‌നാടിന്റെ ഭരണം കൈയടക്കാൻ ശ്രമിക്കുന്ന ശശികലയെക്കേതിരേയുള്ള വികാരം ഇതിലൂടെ വ്യക്തമാകുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പോൾ വെളിപ്പെടുത്തുന്നത്. തമിഴ് ജനതയുടെ വികാരവും പനീർ ശെൽവത്തിനൊപ്പം തന്നെ. സർവേയിൽ പങ്കെടുത്ത തമിഴ് ജനതകളിൽ ഭൂരിഭാഗവും വോട്ടു ചെയ്തത് ഒപിഎസിന് അനുകൂലമായിത്തന്നെ.

82,000-ത്തിലധികം പേരാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓൺലൈൻ പോളിൽ പങ്കെടുത്തത്. ഇതിൽ 95 ശതമാനം- 78,700- പേരും പനീർ ശെൽവം തിരികെ എത്തണമെന്നാണ് വോട്ട് ചെയ്തത്. മാത്രമല്ല, തമിഴ്‌നാട് സർക്കാരിനേയും എഐഎഡിഎംകെയും തന്റെ ചൊൽപ്പടിയിൽു നിർത്താൻ പണിപ്പെടുന്ന ശശികലയ്‌ക്കെതിരേ പനീർ ശെൽവം നടത്തുന്ന പോരാത്തെ ശരിവയ്ക്കും വിധത്തിൽ തന്നെയാണ് സർവേയിൽ പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതും.

പോളിൽ അഭിപ്രായം പറഞ്ഞവരിൽ വെറും 3740 പേർ മാത്രമാണ് ശശികലയെ മുഖ്യമന്ത്രിയായി കാണാൻ ഇഷ്ടപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യക്കൊപ്പം തന്നെ തമിഴ് സമയം ഫേസ്‌ബുക്കിലൂടെ നടത്തിയ പോളിലും ഇതേ വികാരം തന്നെയായിരുന്നു പ്രകടമായത്. ഇതിൽ 97 ശതമാനം പേർ പനീർ ശെൽവത്തോടൊപ്പമാണ് നിന്നത്. ഇന്ത്യ മൊത്തം ആശങ്കയോടെ കാത്തിരിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി കസേര ആർക്കായിരിക്കും എന്ന കാര്യത്തിൽ ഗവർണർ വിദ്യാസാഗർ റാവുവിന്റെ വാക്കുകളായിരിക്കും അന്തിമമായിരിക്കുക.