ദുബായ്: യുഎഇ എയർപോർട്ടുകളിലെത്തുന്ന എല്ലാ യാത്രക്കാർക്കും ട്രാൻസിറ്റ് വിസാ അനുവദിച്ചുകൊണ്ട് പ്രഖ്യാപനമായി.  ഏത് ഇന്റർനാഷണൽ എയർലൈൻ മുഖേന യുഎഇ എയർപോർട്ടുകളിലെത്തുന്നവർക്കും 96 മണിക്കൂർ നേരത്തെ ട്രാൻസിറ്റ് വിസ അനുവദിക്കുമെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് -ദുബായ് വ്യക്തമാക്കിയിരിക്കുന്നത്.

മുമ്പും ഇത്തരം വിസ അനുവദിച്ചിരുന്നുവെങ്കിലും യുഎഇ എയർലൈനുകളിൽ യാത്ര ചെയ്യുന്നവർക്കു മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. എയർപോർട്ടുകളിലെത്തുന്ന യാത്രക്കാർ നിശ്ചിത ഫീസ് നൽകി അപേക്ഷിച്ചാൽ നാലു ദിവസത്തെ ട്രാൻസിറ്റ് വിസ ലഭിക്കും. എന്നാൽ ചില നിബന്ധനകൾ അധികൃതർ ഇതിനായി മുന്നോട്ടുവെയ്ക്കുന്നുണ്ട്.

രണ്ട് ട്രിപ്പുകളുടേയും ഇടവേള എട്ടു മണിക്കൂറിൽ കൂടുതലായിരിക്കണം. മാത്രമല്ല, രണ്ട് ട്രിപ്പുകളും രണ്ട് വിത്യസ്ത സ്ഥലങ്ങളിലേയ്ക്കായിരിക്കണം. അതായത്, ഏത് സ്ഥലത്തുനിന്നാണോ യുഎഇയിലേയ്ക്ക് വരുന്നത് ആ സ്ഥലത്തേയ്ക്കാകരുത് തിരികെയുള്ള യാത്ര. ട്രാൻസിറ്റ് വിസ ലഭിക്കേണ്ടവർ മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്തിരിക്കണം. തുടർയാത്രയ്ക്കുള്ള ടിക്കറ്റും പാസ്‌പോർട്ടും കൈവശമുണ്ടായിരിക്കണം. അപേക്ഷാഫീസ് 170 ദിർഹമാണ്.

നാലു ദിവസത്തെ വിസ കാലാവധിയിൽ ആദ്യദിവസം എപ്പോഴെത്തിയാലും ഒരു ദിവസമായി കണക്കാക്കപ്പെടും. നാലാംദിവസം അർധരാത്രിക്ക് മുമ്പ് വിസയുടെ കാലാവധി അവസാനിക്കും. തുടർന്നും തങ്ങുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടും. നിയമം അനുശാസിക്കുന്ന പിഴയും മറ്റു ശിക്ഷാവിധികളും ഇവർക്കെതിരെ ചുമത്തും.