തിയേറ്ററുകളിൽ ആളെ കയറ്റാൻ സൂപ്പർതാരങ്ങളോ മാസ് ആക്ഷൻ രംഗങ്ങളോ ഗിമിക്കുകളോ ഒന്നും വേണ്ടാന്ന് തെളിയിക്കുന്നതാണ് 96 എന്ന തമിഴ് ചിത്രം. സൗഹൃദവും നഷ്ട പ്രണയവും ഇത്രയും ആത്മാർത്ഥമായി ജനങ്ങളിലേക്ക് എത്തിച്ച സിനിമ ഈ അടുത്ത കാലത്ത് വേറെ ഇറങ്ങിയിട്ടില്ല. എന്നു തെളിയിക്കുന്നത് തന്നെയാണ് 96ന്റെ കളക്ഷൻ.

കാണുന്ന പ്രേക്ഷകനോട് ഏറെ അടുത്ത നിൽക്കുന്നതാണ് സിനിമയുടെ അവതരണം. നഷ്ടപ്രണയത്തിന്റെ ആഴവും സൗഹൃദത്തിന്റെ നിഷ്‌കളങ്കതയും ഹൃദ്യമായി പറയുന്ന ചിത്രം തമിഴകത്ത് മാത്രമല്ല മലയാളത്തിലും ചരിത്രം സൃഷ്ടിക്കുന്നു. ഫോട്ടോഗ്രാഫറായിരുന്ന സി. പ്രേംകുമാറിന്റെ ആദ്യസംവിധാനസംരഭമാണ് 96.

വിജയ് സേതുപതിതൃഷ ജോഡികളായിരുന്നു സിനിമയുടെ മറ്റൊരു മുതൽക്കൂട്ട്. തൃഷയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായാണ് 96 വിലയിരുത്തപ്പെടുന്നത്. സ്വഭാവിക അഭിനയം കൊണ്ട് വിജയ് സേതുപതി ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നു. ഇരുവരുടെയും ബാല്യകാലം അവതരിപ്പിച്ച ആദിത്യ ഭാസ്‌കർ, ഗൗരി ജി കൃഷ്ണ, എന്നിവരുടെ പ്രകടനം ചിത്രത്തിന്റെ നിലവാരം വ്യക്തമാക്കും.ഇരുവർക്കുമൊപ്പം വർഷ ബെല്ലാമ്മ, ദേവദർശിനി, തുടങ്ങിവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു.

മലയാളിയായ ഗോവിന്ദ് മേനോൻ ഈണം നൽകിയ അതിമനോഹരമായ ഗാനങ്ങളാണ് മറ്റൊരു ആകർഷണം. മഹേദിരൻ ജയരാജുവിന്റെ ഛായാഗ്രഹണവും സിനിമയുടെ മാറ്റ് കൂട്ടി.വെറും അൻപത് ലക്ഷം രൂപ ചെലവിൽ കേരളത്തിൽ വിതരണം ചെയ്ത ചിത്രം ഇതുവരെ നേടിയ ഗ്രോസ് ഏകദേശം ഏഴു കോടി രൂപയോളം ആണ്. സിനിമയുടെ വിതരണാവകാശത്തിനും പ്രമോഷനും ആകെ ചെലവായ തുകയാണ് 50 ലക്ഷം.

ഒക്ടോബർ അഞ്ചിന് കേരളത്തിലെത്തിയ ചിത്രം 18 ദിവസം കൊണ്ട് നേടിയത് 7.02 കോടി രൂപ. അതായത് ബ്ലോക്‌ബസ്റ്റർ സിനിമകൾക്ക് ലഭിക്കുന്ന ലാഭമാണ് ഈ ചിത്രത്തിലൂടെ വിതരണക്കാരൻ സ്വന്തമാക്കിയത്.സ്‌ട്രെയ്റ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ മൃദുൽ വി. നാഥ്, സുധിർ എന്നിവർ ചേർന്ന് ആണ് 96 കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ആദ്യദിവസം കേരളത്തിൽ 95 തിയറ്റുകളിലായിരുന്നു റിലീസ് ചെയ്തത്. രണ്ടാമത്തെ ആഴ്ച 106, മൂന്നാംവാരം പിന്നിട്ടപ്പോൾ 104. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും നൂറിന് മുകളിൽ തിയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നുണ്ടായിരുന്നു.

സ്‌കൂൾ കാലഘട്ടത്തിൽ പ്രണയിച്ചിരുന്ന റാമിന്റെയും ജാനുവിന്റെയും 22 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയും തുടർന്ന് ഒരു രാത്രി നടക്കുന്ന സംഭവങ്ങളുമാണ് '96. ചിത്രം ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 10 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. മദ്രാസ് എന്റർപ്രൈസസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ നേടിയത് 2 കോടി രൂപയാണ്.

സിനിമയുടെ ആഗോള കലക്ഷൻ അൻപത് കോടി പിന്നിട്ട് കഴിഞ്ഞു. പത്ത് ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്നും 22.55 കോടിയാണ് ചിത്രം വാരിയത്. കർണാടക1.50 കോടി. തമിഴ്‌നാട്ടിലും കേരളത്തിലും കർണാടകയിലും അമേരിക്ക, യുഎഇ തുടങ്ങിയ സ്ഥലത്തും ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്നു.