ന്യൂയോർക്ക: ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിയുടെ അലയൊലികൾ ഇന്നും അടങ്ങുന്നില്ല. ആഴത്തിലേറ്റ ആ മുറിവിൽ നിന്നും സിഖ് സമൂഹം ഇന്നും മുക്തമായിട്ടില്ല. സൈനിക നടപടിക്ക് ഇന്ത്യൻ സർക്കാരാണ് ഉത്തരവാദികളെന്ന് ആരോപിച്ച് ന്യൂയോർക്കിലെ സിഖ് സമൂഹത്തിന്റെ കൂട്ടായ്മയായ സിഖ് കോർഡിനേഷൻ കമ്മിറ്റി ഈസ്റ്റ് കോസ്റ്റും, അമേരിക്കൻ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ശനിയാഴ്ച പ്രമേയം പാസാക്കി.

പ്രമേയം പാസാക്കിയെന്ന് മാത്രമല്ല, അമേരിക്കയിലെ 96 ഗുരുദ്വാരകളിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവേശനവും വിലക്കി.കാനഡയിലെ ഒണ്ടാറിയോയിൽ 14 ഗുരുദ്വാരകളിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസിലെ നടപടി.യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഖ് ഫെഡറേഷനും സമാനമായ വിലക്ക് ഏർപ്പെടുത്തിയെങ്കിലും, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ രീതിയിൽ പങ്കെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നഗർ കീർത്തനുകൾ പോലെയുള്ള മതചടങ്ങുകളിലും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിലക്കുണ്ടാകും. ഈ വിലക്ക് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കുമെന്നും എസ്‌സിസിഇസി, എജിപിസി എന്നീ സംഘടനകൾ അറിയിച്ചു. 1984 ലാണ് സുവർണ്ണ ക്ഷേത്രത്തിൽ സൈനിക നടപടി ഉണ്ടായത്.