- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രമിക് തീവണ്ടികളിൽ മരിച്ചത് 97 കുടിയേറ്റ തൊഴിലാളികൾ; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മാർച്ച് 25ന് ആരംഭിച്ച ലോക്ക്ഡൗണിൽ എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്നതിന് കൃത്യമായ വിവരങ്ങളിലെന്ന് തൊഴിൽ മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടി വിവാദമായതിന് പിന്നാലെ ട്രെയിൻ യാത്രക്കിടെ മരിച്ച തൊഴിലാളികളുടെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. ശ്രമിക് തീവണ്ടികളിൽ വച്ച് 97 കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ദീപക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരമാണ് 97 കുടിയേറ്റ തൊഴിലാളികൾ മരിച്ചതെന്ന് പിയൂഷ് ഗോയൽ അറിയിച്ചു. 97-ൽ 87 മൃതദേഹങ്ങൾ സംസ്ഥാനങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്. ഇതിൽ 51 പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ റെയിവേയ്ക്ക് ലഭിച്ചു.
മെയ് 1മുതലാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാനായി ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ഓഗസ്റ്റ് 31വരെ 4,621 ട്രെയിനുകളാണ് ഓടിച്ചത്. 6,31,9,000തൊഴിലാളികൾ ഇത് പ്രയോജനപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗൺ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് ലോക്‌സഭയിൽ തൊഴിൽ മന്ത്രാലയമാണ് അറിയിച്ചിരുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
മെയ് ഒമ്പത് മുതൽ 27 വരെ മാത്രം 80 ഓളം കുടിയേറ്റ തൊഴിലാളികൾ മരിച്ചതായി ആർ.പി.എഫിന്റെ മെയ് മാസ റിപ്പോർട്ടിലുണ്ടായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് ഏർപ്പാടാക്കിയ പ്രത്യേക സർവീസുകളാണ് ശ്രമിക് തീവണ്ടികൾ.
മറുനാടന് ഡെസ്ക്