ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സന്തോഷവാർത്ത. 45 ദിവസം മാത്രമുണ്ടായിരുന്ന പ്രസവാവധി 98 ദിവസമാക്കി നീട്ടിക്കൊണ്ട് ഉത്തരവിറങ്ങി. കൂടാതെ ആറു മാസം വരെ ശമ്പളമില്ലാതെ ലീവെടുക്കാൻ സ്ത്രീ ജീവനക്കാർക്ക് അനുമതിയും നൽകിയിട്ടുണ്ട്. നേരത്തെ ഇത്തരത്തിൽ ശമ്പളമില്ലാതെ ലീവെടുക്കാൻ അനുമതിയുണ്ടായിരുന്നത് 100 ദിവസം മാത്രമായിരുന്നു.

പ്രസവാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് സ്ത്രീകൾക്ക് വലിയ നേട്ടമായെന്ന് അറ്റ്കിൻസ് മേധാവി കാത്‌ലീൻ മക്‌ഗ്രെയ്ൻ വ്യക്മതാക്കി. കുറഞ്ഞ പ്രസവാവധി മൂലം ഒട്ടേറെ സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ സ്വകാര്യമേഖലയിലുള്ള പല കമ്പനികളും വ്യത്യസ്ത രീതിയിൽ പ്രസവാവധി നൽകുന്നുണ്ട്. 2015-ൽ മീഡിയകോം ആറുമാസത്തെ മറ്റേണിറ്റി ലീവാണ് പ്രഖ്യാപിച്ചത്. 2014-ൽ ഷാർജ എക്‌സിക്യുട്ടീവ് കൗൺസിൽ പ്രവാസി അമ്മമാർക്ക് 60 ദിവസത്തെ മറ്റേണിറ്റി ലീവ് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.

പ്രസവാവധിയുടെ കാര്യത്തിൽ സ്വകാര്യകമ്പനികളിലും സർക്കാർ മേഖലയിലും ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലും (ഡിഐഎഫ്‌സി) വ്യത്യസ്ത ഉത്തരവുകളാണ് നിലനിൽക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളിൽ മുഴുവൻ ശമ്പളത്തോടു കൂടി 60 ദിവസത്തെ പ്രസവാവധിയും ശമ്പളമില്ലാതെ 100 ദിവസം വരെ അവധിയും എടുക്കാമെന്നാണ് വ്യവസ്ഥ. അതേസമയം ഡിഐഎഫ്‌സിയിൽ മിനിമം പ്രസവാവധി 65 ദിവസമാണ്. ഇതിൽ 33 ദിവസം ഫുൾ പേയും 32 ദിവസം ഹാഫ് പേയും ആണ് നിശ്ചയിച്ചിട്ടുള്ളത്.