ഡാലസ്: അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തി. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ നോർത്ത് ടെക്സസ്, ഒക്ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും 98 പേരെയാണ് പിടികൂടിയത്.

ഇതിൽ ഡാലസിൽ നിന്നും പതിനൊന്ന്, ഇർവിങ് (6), ഫോർട്ട് വർത്ത് (5), ഡന്റൻ, ഫ്രിസ്‌ക്കൊ, മെക്കിനി (3 പേർ വീതം), ആർലിങ്ടൺ, ലൂയിസ് വില്ല, മസ്‌കിറ്റ്, ഷെർമൻ, കരോൾട്ടൺ, ബ്രിഡ്ജ് പോർട്ട്, ഗാർലന്റ്തു ടങ്ങിയ സ്ഥലങ്ങളിൽ നിന്നുമായി 49 പേരും, മറ്റുള്ളവരെ ഒക്ലഹോമയിൽ നിന്നുമാണ് പിടികൂടിയത്.

98 പേരിൽ 11 സ്ത്രീകളും, 67 കുറ്റവാളികളും ഉൾപ്പെടുന്നു. 29 പേർ തിരിച്ചയച്ചിട്ടും വീണ്ടും നുഴഞ്ഞു കയറിയവരും, അഞ്ചു പേർ ഗുണ്ടാ സംഘാംഗങ്ങളുമാണ്. മെക്സിക്കോ, എൽസാൽവഡോർ, ഹോണ്ടുറസ്, മാർഷൽ ഐലന്റ്സ്, പാക്കിസ്ഥാൻ, പെറു എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ.

അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ ഇനിയും പിടികൂടുമെന്ന് ഐസിഇ മുന്നറിയിപ്പു നൽകി. നോർത്ത് ടെക്സസിൽ മാത്രമല്ല രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാർക്കെതിരെ സന്ധിയില്ലാ സമരമാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.