- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് മണിക്കൂർ നേരം മൂത്രം ഒഴിക്കാൻ പോലും അനുവദിക്കാതെ കേരള സർവകലാശാല വനിതാ പ്രൊഫസറെ തടഞ്ഞുവച്ചു; കേസിൽ റഹീം ഒന്നാം പ്രതി; പിൻവലിക്കാൻ പോയപ്പോൾ കോടതിയിൽ നാണംകെട്ടു; സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എ എ റഹീം 37 ക്രിമിനൽ കേസുകളിലെ പ്രതി
തിരുവനന്തപുരം : സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി എ.എ. റഹിം നോമിനേഷൻ കൊടുത്തിരിക്കുകയാണ്. നോമിനേഷന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ട രേഖയിലാണ് 37 ക്രിമിനൽ കേസുകളിലെ പ്രതിയാണ് താൻ എന്ന് എ.എ.റഹിം ബോധിപ്പിച്ചത്. കേരള സർവകലാശാലയിൽ തമിഴ് വകുപ്പിൽ പ്രൊഫസറായ ടി വിജയലക്ഷ്മിയെ മണിക്കൂറുകളോളം, നൂറോളം വരുന്ന എസ് എഫ് ഐ പ്രവർത്തകരോടൊപ്പം മാനസികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തിൽ, തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 3 കോടതിയിൽ നടക്കുന്ന കേസിൽ ഒന്നാം പ്രതിയാണ് എ.എ. റഹീം.
ഇതാണ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കാനുള്ള കീഴ്‌വഴക്കമെങ്കിൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജിൽ ഒരു പെൺകുട്ടിയെ റോഡിൽ കൂടി വലിച്ചിഴച്ച എസ് എഫ് ഐ ക്കാരിൽ ആരെങ്കിലും, ഭാവിയിൽ രാജ്യ സഭയിൽ എത്തിയാലും അദ്ഭുതപ്പെടാനാവില്ല എന്നാണ് വി. എസ് അച്ചുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫായിരുന്ന കെ.എം. ഷാജഹാൻ ഫേസ് ബുക്കിൽ കുറിച്ചത്.
2017 മാർച്ച് 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായുള്ള കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയ ലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്‌സിറ്റി കലോൽസവ സമയത്ത് പ്രതികൾ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമിപിച്ചു. യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം മുൻപ് ഫണ്ടിൽ നിന്നും നൽകിയ തുകയുടെ ചില വഴിക്കൽ രേഖകളായ ബില്ലുകൾ അടക്കമുള്ള പത്രിക ഹാജരാക്കിയാൽ മാത്രമേ ബാക്കി തുക അനുവദിക്കാൻ പാടുള്ളുവെന്ന് പ്രൊഫസർ വിജയലക്ഷ്മി പറഞ്ഞത് പ്രതികളെ പ്രകോപിപ്പിച്ചു.
തുടർന്ന് നൂറോളം വിദ്യാർത്ഥികളെ കൂട്ടി പ്രതികളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരിരികമായും പീഡിപ്പിച്ചു. വിജയലക്ഷ്മി ആ സംഭവത്തെ കുറിച്ച് വിവരിക്കുന്നതിങ്ങനെ ' മൂന്ന് മണിക്കൂർ നേരം മൂത്രം ഒഴിക്കാൻ പോലും എന്നെ അവർ അനുവദിച്ചില്ല. ഓരോ മുടിയായിട്ട് ഇടക്കിടെ പിടിച്ചു വലിക്കും, പേന വച്ച് മുതുകിൽ കുത്തും, ഉറക്കെ ചെവിയിൽ ചീത്ത വിളിക്കും'.
യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ നേതാവും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.എ.റഹിമായിരുന്നു ഒന്നാം പ്രതി. റഹിമുൾപ്പെടെ 12 ഓളം പ്രതികൾക്കെതിരെ വിജയലക്ഷ്മി ടിച്ചർ കേസ് കൊടുത്തെങ്കിലും കന്റോൺമെന്റ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു. തുടർന്ന് ഗവർണറെ നേരിൽ കണ്ട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. റഹിമിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചു.
വിജയലക്ഷ്മി ഇതിനെതിരെ തടസ ഹർജി ഫയൽ ചെയ്തതോടെ പിണറായി കുടുങ്ങി. ഇരയറിയാതെ കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധം ആണന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അങ്ങനെയാണ് പിൻവലിക്കൽ ഹർജി തള്ളിയതും പ്രതികളെ വിചാരണ ചെയ്യാൻ കോടതി തീരുമാനിച്ചതും. റഹിമിനെ രാജ്യസഭയിലേക്കയക്കാൻ തീരുമാനിച്ചതിലൂടെ സിപിഎമ്മിന്റെ സ്ത്രീ സംരക്ഷണത്തിന്റെ കപട മുഖമാണ് പുറത്ത് വന്നതെന്നാണ് ഉയരുന്ന വിമർശനം. പൊതുമരാമത്ത് മന്ത്രി റിയാസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് റഹിം. അതുകൊണ്ട് തന്നെ റഹിമിനെതിരെയുള്ള വിമർശനങ്ങൾ ഉള്ളിലൊതുക്കി നടക്കുകയാണ് സിപിഎമ്മിനകത്തെ റഹിം വിരുദ്ധർ .