തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി എ എ റഹീം. ഗവർണർ ഇങ്ങനെയാകരുതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പറഞ്ഞു. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറെ ക്രിമിനലെന്നു അധിക്ഷേപിച്ചത് അത്യധികം അപലപനീയമാണ്. സമനിലവിട്ട പെരുമാറ്റമാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നത്. സമചിത്തതയോടെ ചിന്തിക്കുന്ന ഒരാളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകില്ലെന്നും സിപിഐഎം നേതാവ് കുറ്റപ്പെടുത്തി.

'ഭരണഘടന നൽകുന്ന അധികാരങ്ങൾ നിർവഹിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം നിർവഹിക്കേണ്ടത്. നിയമാനുസൃതവും ഭരണഘടനാപരവുമായ ധാർമികത ഉയർത്തിപ്പിടിക്കാൻ ഗവർണർ പദവിയിലിരിക്കുന്ന ഒരാൾക്ക് എല്ലായ്‌പ്പോഴും ബാധ്യതയുണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽ തന്നെ നല്ല വാക്കുകളും പ്രയോഗങ്ങളും തേടണം.നിലവാരമില്ലാത്ത പ്രതികരണങ്ങൾ ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ശ്രീ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്,' റഹീം ഫേസ്‌ബുക്കിൽ കുറിച്ചു.

തികഞ്ഞ ആക്കാദമിഷ്യനും പ്രമുഖ ചരിത്രകാരിൽ ഒരാളുമാണ് കണ്ണൂർ സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രനെന്ന് റഹീം പറഞ്ഞു. അദ്ദേഹത്തെ മാത്രമല്ല, ചരിത്ര കോൺഗ്രസിൽ ഗവർണറുടെ രാഷ്ട്രീയ പ്രേരിതവും ചരിത്ര വിരുദ്ധവുമായ പരാമർശങ്ങളെ പരസ്യമായി ചോദ്യംചെയ്ത, ലോകം ആരാധിക്കുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബിനെ പോലും ഇപ്പോഴും ഗവർണർ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. ഇതെല്ലാം ഗവർണർ പദവിയെ കളങ്കപ്പെടുത്തുന്നതാണെന്നും എംപി ചൂണ്ടിക്കാട്ടി.

സർവകലാശാലകളെ ചൊൽപടിയിൽ നിർത്താനും, കാവിവൽക്കരിക്കാനും, കേന്ദ്രസർക്കാരും ആർഎസ്എസും വലിയ ശ്രമമാണ് നടത്തുന്നത്. സംഘ്പരിവാർ പദ്ധതി കേരളത്തിലും നടപ്പിലാക്കാൻ അവർക്ക് ആഗ്രഹമുണ്ടാകും. സർവ്വകലാശാലകളിലെ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾ ഈ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണെന്നും എ എ റഹീം ഫേസ്‌ബുക്കിൽ കുറിച്ചു.