- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഏറ്റവും അധികം കാലം വിമാനത്താവള ഡയറക്ടറായി റെക്കോഡ്; മികവുറ്റ സേവനത്തിന് ശേഷം സിയാൽ എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ പടിയിറങ്ങുന്നു
കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ ചൊവ്വാഴ്ച വിരമിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കാലം എയർപോർട്ട് ഡയറക്ടർ തസ്തികയിൽ സേവനമനുഷ്ഠിച്ച റിക്കാർഡുമായാണ് എ.സി.കെ.നായർ പടിയിറങ്ങുന്നത്. 2004 മുതൽ അദ്ദേഹം കൊച്ചി വിമാനത്താവള ഡയറക്ടറാണ്.
കൊച്ചി വിമാനത്താവള വികസനത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് എ.സി.കെ.നായർ. കൊച്ചിയിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വിമാനത്താവള നിർമ്മാണത്തിന് കേന്ദ്രാനുമതി ലഭിച്ചതിനെത്തുടർന്ന് 1996-ൽ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഇലക്ട്രിക്കൽ വിഭാഗം ചെന്നൈ മേഖലാ മേധാവിയായിരുന്ന എ.സി.കെ.നായർ ഡെപ്യൂട്ടേഷനിലായിരുന്നു സിയാലാൽ എത്തിയത്. വിമാനത്താവളത്തിന്റെ നിർമ്മാണഘട്ടത്തിൽ എ.സി.കെ.നായരുടെ സാങ്കേതിക ജ്ഞാനവും നേതൃഗുണവും ഏറെ നിർണായകമായി.
ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് സിയാലിന്റെ അഭ്യർത്ഥനയനുസരിച്ച് 2000-ൽ കൊച്ചി വിമാനത്താവളത്തിന്റെ ഇലക്ട്രിക്കൽ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരായി ചുമതലയേറ്റു. 2004-ൽ എയർപോർട്ട് ഡയറക്ടറായി. സർവീസിലിരിക്കെ എം.ബി.എ കരസ്ഥമാക്കി. വിമാനത്താവള ഓപ്പറേറ്റർമാരുടെ അന്താരാഷ്ട്ര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ഏഷ്യാ പസഫിക് ഡയറക്ടറായി ആറുവർഷം പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിനെ സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറ്റുന്നതിലും സിയാലിന് പുതിയ വരുമാന ശ്രേണികൾ കണ്ടെത്തുന്നതിലും എ.സി.കെ.നായർ വലിയ പങ്കുവഹിച്ചു. കൊച്ചി വിമാനത്താവള ഡയറക്ടർ സ്ഥാനത്തിനൊപ്പം ഇലക്ട്രിക്കൽ, ഐ.ടി, കാർഗോ, ഫയർ, സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയും കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനവും എ.സി.കെ.നായർ വഹിച്ചിരുന്നു.
2006-ൽ ഒരു മാസത്തോളം സിയാലിന്റെ മാനേജിങ് ഡയറക്ടറുടെ താൽക്കാലിക ചുമതലയും നിറവേറ്റിയിരുന്നു.കൊച്ചി വിമാനത്താവളത്തിന് അത്യാധുനിക വൈദ്യുതി വിതരണ സംവിധാനം, ഇന്റഗ്രേറ്റഡ് എയർപോർട്ട് മാനേജ്മെന്റ് സിസ്റ്റം, ഇന്ത്യയിലെ ആദ്യത്തെ സി.ടി. അധിഷ്ഠിത ബാഗേജ് സ്‌ക്രീനിങ് സംവിധാനം എന്നിവ എ.സി.കെ.നായരുടെ മുൻകൈയിലാണ് പൂർത്തിയായത്.
തിരുവനന്തപുരം സ്വദേശിയായ എ.സി.കെ.നായർ 1984-ലാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് നേടിയത്. 1989-ൽ എയർപോർട്ട് അഥോറിറ്റിയിൽ ചേരുന്നതിന് മുമ്പ് രണ്ടുവർഷത്തോളം ഇന്ത്യൻ ടെലിഫോൺ ഇൻഡ സ്ട്രീസിൽ ജോലി ചെയ്തിരുന്നു.
മറുനാടന് മലയാളി ലേഖകന്.