ബെയ്‌റൂട്ട്: ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭാ മേലധ്യക്ഷൻ സൗദി അറേബ്യ സന്ദർശിക്കുന്നു. സൗദിഭരണകൂടത്തിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സന്ദർശനം. ലബനൻ കത്തോലിക്ക സഭയുടെ തലവൻ പാത്രിയർക്കീസ് കർദിനാൾ ബിഷാറ അൽ റായ് ആണ് സൗദി സന്ദർശിക്കാനൊരുങ്ങുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേകക്ഷണം സ്വീകരിച്ചാണ് കർദിനാൾ സൗദി സന്ദർശിക്കാനൊരുങ്ങുന്നത്. ഇസ്ലാം മതത്തിനൊഴികെ മറ്റൊരു മതത്തിനും പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത സൗദിയിലേക്ക് കത്തോലിക്ക സഭയുടെ മേലധ്യക്ഷനെ ക്ഷണിച്ചത് വലിയ മാറ്റത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. സന്ദർശനത്തിനു ക്ഷണം ലഭിച്ചതായി കർദിനാൾ ബിഷാറ അൽ റായ് സ്ഥിരീകരിച്ചു. പ്രത്യേക വ്യവസ്ഥകളോടെയല്ല സന്ദർശനം. ഏകദിന സന്ദർശനമായിരിക്കും. ഇതിൽ രാഷ്ട്രീയ ഘടകങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013ൽ അന്നത്തെ അബ്ദുള്ള രാജാവിൽനിന്നു റിയാദ് സന്ദർശിക്കാൻ ക്ഷണം ലഭിച്ചെങ്കിലും പല കാരണങ്ങളാൽ അതു സാധ്യമായില്ലെന്നും കർദിനാൾ ഓർമിച്ചു.