- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മിയാകുന്ന കോൺഗ്രസ്സിന് ഒരു കൈയടി കൊടുക്കാം; കമ്മ്യൂണിസ്റ്റ് വിരുദ്ധനായ വിഎസിന് ഒരു കൂവലും: കേരള രാഷ്ട്രീയത്തിന് തീ പിടിക്കുമ്പോൾ
ലോകത്ത് രാഷ്ട്രീയം തിന്നു ജീവിക്കുന്ന ഒരു ജനത ഉണ്ടെങ്കിൽ അത് കേരളത്തിൽ മാത്രം ആയിരിക്കും. സ്‌കൂളിലും കോളേജിലും വായനശാലകളിലും ആരാധനാലയങ്ങളിലും മാത്രമല്ല കള്ളുഷാപ്പിൽ പോലും രാഷ്ട്രീയം ഉണ്ട്. രാഷ്ട്രീയത്തോടുള്ള കേരളീയന്റെ അടങ്ങാത്ത ഈ ആർത്തിയാണ് ഇത്രയും ചെറിയ സമൂഹം ആയിട്ട് കൂടി ഇത്രയധികം വാർത്താ ചാനലുകളെ കേരളത്തിൽ എത്തിച്ചത്. ന
ലോകത്ത് രാഷ്ട്രീയം തിന്നു ജീവിക്കുന്ന ഒരു ജനത ഉണ്ടെങ്കിൽ അത് കേരളത്തിൽ മാത്രം ആയിരിക്കും. സ്‌കൂളിലും കോളേജിലും വായനശാലകളിലും ആരാധനാലയങ്ങളിലും മാത്രമല്ല കള്ളുഷാപ്പിൽ പോലും രാഷ്ട്രീയം ഉണ്ട്. രാഷ്ട്രീയത്തോടുള്ള കേരളീയന്റെ അടങ്ങാത്ത ഈ ആർത്തിയാണ് ഇത്രയും ചെറിയ സമൂഹം ആയിട്ട് കൂടി ഇത്രയധികം വാർത്താ ചാനലുകളെ കേരളത്തിൽ എത്തിച്ചത്. നാഴികയ്ക്ക് നാൽപ്പത് വട്ടം കുറ്റം പറയുന്നവർ പോലും സന്ധ്യയായാൽ ചാനലുകൾ മാറ്റി മാറ്റി ചർച്ചകൾ കേൾക്കും. ചാനൽ ചർച്ചകളിൽ മുഖം കാണിക്കാൻ മാത്രം ശ്രദ്ധിക്കുന്ന ഒരു പ്രത്യേകതരം നേതൃസമൂഹവും ഇവിടെ ഇങ്ങനെ രൂപപ്പെട്ടു. ഇങ്ങനെ രാഷ്ട്രീയ മത്ത് പിടിച്ച കേരളീയർക്കുള്ള വിരുന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ എല്ലാം.
ടി പി എന്ന മനുഷ്യൻ കൊല്ലപ്പെടുന്നതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം നമ്മൾ കാണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവനയും യാതൊരു ഗ്രൂപ്പിലും സമ്മർദ്ദ വിഭാഗത്തിലും പെടാതെ ഒറ്റയാനായി സ്വന്തം നിലപാടിൽ ഉറച്ചുനിന്ന ശ്രീ വിഎം സുധീരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതും രാഷ്ട്രീയം ഭക്ഷിച്ച് ജീവിക്കുന്ന മലയാളിക്ക് തെല്ലൊന്നുമല്ല ആവേശം വിതറിയിരിക്കുന്നത്. ഈ രണ്ട് കാര്യങ്ങളും പരിശോധിക്കുകയാണ് ഇവിടെ.
ആം ആദ്മിയാകുന്ന കോൺഗ്രസ്സ് നേതൃത്വം
സ്വാതന്ത്ര്യാനന്തരം അധികാരവും സ്ഥാനമാനങ്ങളും പാരമ്പര്യമായി പകർന്ന് കിട്ടിയ പാർട്ടിയാണ് കോൺഗ്രസ്സ്. മറ്റ് പ്രതിപക്ഷ പാർട്ടികൾ ഒക്കെ കോൺഗ്രസ്സിൽ നിന്നും വിഘടിച്ച് രൂപം കൊണ്ട് വളർന്നു വന്നവയാണ്. എന്നിട്ടും കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് കോൺഗ്രസ്സ് ഈ രാജ്യത്ത് കുട്ടിച്ചോറായി മാറി. സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് പതിറ്റാണ്ട് പൂർത്തിയായപ്പോൾ സ്വയം ഭരണം നഷ്ടപ്പെടുത്തിയതാണ് കോൺഗ്രസ്സ് ചെയ്ത ആദ്യത്തെ ഗുരുതരമായ പിശക്. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു ഈ ദുരന്തം വീണ്ടും കോൺഗ്രസ്സ് ഏറ്റു വാങ്ങുന്നത്. അതിന് ശേഷവും മിക്കപ്പോഴും ഭരിച്ചത് കോൺഗ്രസ്സ് ആയിരുന്നെങ്കിലും ഇന്നുവരെ ഭൂരിപക്ഷത്തോടും മനസമാധാനത്തോടും ഭരിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
രാഹുൽ ഗാന്ധിയുടെ കടന്ന് വരവോടെ ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കോൺഗ്രസ്സ് നേതൃത്വത്തിൽ രാഹുൽ ഇതുവരെ നടത്തിയ പരിഷ്‌കാരങ്ങൾ ഒട്ടും ആശാവാഹമായ സാഹചര്യമല്ല സൃഷ്ടിച്ചിരിക്കുന്നത്. ഇത്രയധികം പാഠം മുൻപിൽ ഉണ്ടായിട്ടും അഴിമതിയുടെ കാര്യത്തിൽ റെക്കോർഡ് ഇടാൻ മന്മോഹൻ സർക്കാരിന്റെ കീഴിലുള്ള മന്ത്രിമാർ മത്സരിക്കുകയായിരുന്നു എന്നത് ഖേദകരമായ സത്യമാണ്. ഇക്കൂട്ടത്തിൽ മോദി പ്രഭാവം കൂടി രംഗത്ത് വന്നതോടെ കോൺഗ്രസ്സിന് ഏറെ പ്രതീക്ഷിക്കേണ്ടാത്ത സാഹചര്യമാണ് ഉടലെടുത്തത്.
പിഴച്ച തീരുമാനങ്ങളുടെ പേരിൽ ശ്രദ്ധ നേടുന്ന രാഹുൽ പക്ഷെ കേരളത്തിന്റെ കാര്യത്തിൽ എടുത്ത അതിശക്തമായ നിലപാട് എല്ലാവരാലും കയ്യടി നേടുകയാണ്. വർഷങ്ങളായി ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം പദവികൾ വീതം വച്ചിരുന്ന കേരളത്തിലെ കോൺഗ്രസ്സിന്റെ ചുക്കാൻ ഒരു ഗ്രൂപ്പിലും പെടാത്ത ധീരനായ ഒരു നേതാവ് ഏറ്റെടുക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ നടപടിയാണ്. എല്ലാക്കാലത്തും ചില നേതാക്കളുടെ പാദസേവകരായി നിൽക്കുന്നവർക്ക് മാത്രമേ കോൺഗ്രസ്സിൽ സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നുള്ളൂ. പ്രഗൽഭനായ ഭരണാധികാരി ആയിരുന്നെങ്കിൽ കൂടി കേരളത്തിലെ കോൺഗ്രസ്സിനെ ഇത്തരം ഒരു അവസ്ഥയിൽ എത്തിച്ചതിന് കരുണാകരനുള്ള പങ്ക് എടുത്തുപറയേണ്ടതാണ്.
ഈ ഗ്രൂപ്പ് രാഷ്ട്രീയം ഇടയ്ക്ക് കുടുംബ രാഷ്ട്രീയം കൂടി കലർന്ന് മലീമസമായിരുന്നു. ഏറ്റവും ഒടുവിൽ സമുദായിക നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ്സ് അധഃപതിച്ചു. സമുദായ നേതാക്കൾ പൊട്ടിത്തെറിക്കുകയും രാഷ്ട്രീയ നേതൃത്വം അതിന് കീഴടങ്ങുകയും ചെയ്യുന്ന ദയനീയമായ അവസ്ഥ ഏതാനും വർഷങ്ങളായി കേരളത്തിൽ സജീവമാണ്.
സ്ഥാനാർത്ഥി നിർണ്ണയം മാത്രമല്ല, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നതിലും യൂണിവേഴ്‌സിറ്റികളിൽ വൈസ് ചാൻസിലർമാരെ നിയമിക്കുന്നതിനും വരെ മതനേതാക്കൾ പാനൽ കൊടുക്കുന്ന അവസ്ഥയാണ് കേരളത്തിലേത്. ഈ പാനലിൽ നിന്നും ആളെ എടുത്തില്ലെങ്കിൽ അവർ പൊതുവേദിയിൽ പൊട്ടിത്തെറിക്കുകയും ചാനലുകൾ അത് ആഘോഷമാക്കുകയും ചെയ്യും. ഇതിനെതിരെ പ്രതികരിക്കാൻ ഭയക്കുന്ന മന്ത്രിമാരും നേതാക്കളും മത നേതാക്കൾക്ക് ശാസിക്കാനും ശിക്ഷിക്കാനും ഒക്കെ അധികാരം ഉണ്ട് എന്നു നാണമില്ലാതെ പറയുന്ന കാഴ്ചയും നമ്മൾ കണ്ടു.
ഇത്തരം ഒരു സാഹചര്യത്തിൽ ശ്രീ വിഎം സുധീരന്റെ നിയമനം ഏറെ ശ്രദ്ധേയമാണ്. മതവും ജാതിയും ഒക്കെ കുറച്ച് നേതാക്കൾക്കും പ്രമാണിമാർക്കും മാത്രമാണ് ബാധകമെന്നും സാധാരണക്കാരായ ജനങ്ങൾ ആഗ്രഹിക്കുന്നത് മതേതരത്വം പുലർത്തുന്നവരും ജനപക്ഷത്തു നിൽക്കുന്നവരുമായ പൊതു പ്രവർത്തകരുടെ കടന്നുവരവാണെന്നും മനസ്സിലാക്കിയതിന്റെ ഫലമാണ് സുധീരന്റ നിയമനം. കേരളത്തിലെ കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല തീരുമാനം എന്ന നിലയിൽ ഇത് ചരിത്രത്തിൽ രേഖപ്പെടുത്താം. നേതാക്കളുടെ വലിപ്പം നോക്കാതെ നിലപാട് എടുക്കുകയും സമുദായ നേതാക്കളുടെ കാൽക്കീഴിൽ പോയി ഓച്ഛാനിച്ച് നിൽക്കുകയും ചെയ്യുന്ന രാഷ്ട്രീയമല്ല, സുധീരന്റേത്.
സുധീരൻ ജനിച്ച സമുദായത്തിന്റെ പരമോന്നത നേതാവായ ശ്രീ വെള്ളാപ്പള്ളി നടേശൻ സുധീരനെ തോൽപ്പിക്കാനും ഇല്ലാതാക്കാനും ശ്രമിച്ചത് എത്രയോ തവണ നമ്മൾ കണ്ടതാണ്. ശ്രീ വയലാർ രവിയെപ്പോലെയുള്ള അതേ സമുദായത്തിൽ പെട്ട നേതാക്കൾ നടത്തിയ സുധീരൻ വിരുദ്ധ പ്രചാരണം മറ്റൊരു ഉദാഹരണമാണ്. എല്ലാവരും ഭീകര പ്രവർത്തകനാക്കി ചിത്രീകരിച്ച് അകറ്റി നിർത്തിയപ്പോൾ വിചാരണ ഇല്ലാതെ മഅദനിയെ തടവിലിടുന്നത് ശരിയല്ല എന്ന് പ്രസ്താവന ഇറക്കാനും കത്തെഴുതാനും സുധീരൻ ധൈര്യം കാണിച്ചിരുന്നു. കേരള നിയമസഭയുടെ സ്പീക്കർ ആയിരിക്കെ മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ വെള്ളം കുടിപ്പിച്ച സുധീരനെ കേരളത്തിന് അത്ര വേഗം മറക്കാൻ കഴിയുമോ? ചാലിയാർ പുഴയെ കാളിന്ദിയാക്കി, ചുറ്റുപാടുമുള്ളവർക്ക് നിത്യദുരിതം പകർന്നു നൽകിയ മാവൂർ ഗ്വാളിയോർ റെയോൺസിനെ ആരോഗ്യമന്ത്രിയായിരിക്കെ കെട്ടുകെട്ടിച്ചതും അതിന്റെ പേരിൽ ബിർല സുധീരനെ തോൽപ്പിക്കാൻ കോടികൾ ഇറക്കിയതും കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ടതാണ്.
ഇത്തരം ധീരനായ ഒരു നേതാവിനെ സർവ്വ ഗ്രൂപ്പ് നേതാക്കളുടെയും എതിർപ്പ് മറികടന്ന് നിയമിക്കാൻ രാഹുൽ ഗാന്ധി കാട്ടിയ ചങ്കുറപ്പ് കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതിന്റെ ഗുണഫലം കോൺഗ്രസ്സിന് ഉണ്ടാകുമെന്ന് തീർച്ച. കെപിസിസി പ്രസിഡന്റായി മാത്രമല്ല മുഖ്യമന്ത്രിയായി കൂടി സുധീരനെ പരിഗണിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയട്ടെ എന്നാണ് ആശംസ. ഇത്തരം വകതിരിവുള്ള നിലപാട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും എടുത്താൽ കോൺഗ്രസ്സിന് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം തീരെ നിരാശാജനകം ആയിരിക്കില്ല.
കമ്മ്യൂണിസ്റ്റ് വിരുദ്ധനായ വിഎസ്സിനെ ആര് ഉപദേശിക്കും?
വിഎം സുധീരന്റെ നിയമനത്തിന് രണ്ട് ദിവസം മുൻപ് കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സംഭവം ആണ് ടിപി വധക്കേസിൽ സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നൽകിയ കത്ത്. ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി കൊണ്ട് വരുന്നതിലും പാർട്ടിയുടെ നിലപാടിന്റെ പരിമിതികളിൽ നിന്നു മാറി സമൂഹത്തിന് ഗുണകരമായ നിലപാട് എടുക്കുന്നതിലും വിഎസ് കാട്ടിയിട്ടുള്ള ശുഷ്‌കാന്തി എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാൽ പൊതു സമൂഹത്തിന്റെ കയ്യടിയിൽ മയങ്ങിപ്പോയ വിഎസ് സ്വന്തം പാർട്ടിയെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ പല വിഷയങ്ങളിലും ഇടപെടുന്നതും അഭിപ്രായം പറയുന്നതും എന്ന് സംശയിക്കപ്പെടുന്ന തരത്തിൽ ആണ് കാര്യങ്ങളുടെ പോക്ക്.
ടിപി വധക്കേസിൽ വൈകി എത്തിയ സിബിഐ അനേ്വഷണ ആവശ്യം രാഷ്ട്രീയ പ്രേരിതമാണ് എന്ന കാര്യത്തിൽ നിഷ്പക്ഷമതികൾക്ക് പോലും സംശയം ഇല്ലാതിരിക്കവേ ആണ് ഇത്തരം ഒരു നിലപാട് വിഎസ് എടുത്തത് എന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്. തന്നെ ഈ നിലയിൽ എത്തിച്ച പാർട്ടിയേക്കാൾ വലുതാണ് താൻ എന്ന് കരുതുന്ന മൗഢ്യമാണ് വിഎസിനെ ഇപ്പോൾ നയിക്കുന്നത്. തനിക്ക് ശേഷം മറ്റൊരു സിപിഐ(എം) നേതാവും മുഖ്യമന്ത്രി ആവരുതെന്നും അങ്ങനെ താൻ അവസാന സിപിഐ(എം) മുഖ്യമന്ത്രി എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിക്കുമെന്നും ധരിച്ചാണ് അസഹിഷ്ണുവായ വിഎസ് നടത്തുന്ന പ്രതികരണങ്ങൾ എന്ന് വ്യക്തം. തന്നെ ഇത്രയും ആക്കിയ പാർട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള വിഎസ്സിന്റെ ഈ നിലപാട് സിപിഎമ്മിനോ വിഎസ്സിനോ ഗുണം ചെയ്യുകയില്ല. വിഎസ് നിലപാട് തിരുത്തുകയും സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കം പാലിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മനഃപൂർവ്വം പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ തന്നെയാണ് വിഎസ്സിന്റെ ശ്രമം എന്നതുകൊണ്ടുതന്നെ, പ്രായത്തിന്റെയും പരിചയത്തിന്റെയും ആനുകൂല്യം നൽകാതെ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്. കെ ആർ ഗൗരിയമ്മയും എം വി രാഘവനും പോയിട്ട് ഒന്നും സംഭവിക്കാത്ത പാർട്ടി എന്തിനാണ് വിഎസ്സിനെ ഇങ്ങനെ ഭയക്കുന്നത് എന്ന് മാത്രമാണ് മനസ്സിലാകാത്തത്. പാർട്ടിക്ക് പുറത്ത് പോയാൽ മാത്രം വിഎസ്സിന് താൻ ചെയ്തു കൊണ്ടിരിക്കുന്ന മഠയത്തരത്തിന്റെ വില മനസ്സിലാകൂ.